രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തിരിതെളിയും
Thursday, December 7, 2023 6:27 PM IST
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-ാമത് ഐഎഫ്എഫ്കെയ്ക്ക് വെള്ളിയാഴ്ച തിരിതെളിയും. വൈകുന്നേരം ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മേളയുടെ ഔദ്യോഗീക ഉദ്ഘാടനം നടക്കും. ഹിന്ദി നടൻ നാനാ പടേക്കർ ചടങ്ങിൽ മുഖ്യാതിഥിയാവും.
വെള്ളിയാഴ്ച മുതൽ 15 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെടും. ഉദ്ഘാടന ചിത്രമായി മുഹമ്മദ് കോർദോഫാനി സംവിധാനം ചെയ്ത ഗുഡ് ബൈ ജൂലിയ പ്രദർശിപ്പിക്കും. ഈ സിനിമ കാൻ ചലച്ചിത്രമേളയിൽ ഔദ്യോഗിക സെലക്ഷൻ ലഭിച്ച ആദ്യ സുഡാൻ ചിത്രമാണ്. സുഡാനിലെ ആഭ്യന്തര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്നു.
ഉദ്ഘാടന ചടങ്ങിൽ കെനിയൻ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മേയർ ആര്യാ രാജേന്ദ്രൻ സമ്മാനിക്കും.