നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് കോടതിയിൽ
Thursday, December 7, 2023 12:51 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണക്കും.
കേസിലെ സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനും തുടരന്വേഷണത്തില്‍ തെളിവു ലഭിച്ചെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണെന്നും ആവശ്യപ്പെട്ട് ക്രൈബ്രാഞ്ച് വിചാരണ കോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതി ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയ കീഴ്ക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. പ്രോസിക്യൂഷന് വാദം പരിശോധിക്കാമെന്ന് വ്യക്തമാക്കി ജസ്റ്റീസ് പി. ഗോപിനാഥ് ദിലീപിന്റെ വാദം കേള്‍ക്കാനായി ഹര്‍ജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികത ഇല്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ നിരീക്ഷണം. ഇത് കേസിന്റെ വിചാരണയെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.
തെളിവുകള്‍ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ദിലീപിന് ജാമ്യം അനുവദിച്ചപ്പോള്‍ ഹൈക്കോടതി വ്യവസ്ഥ വച്ചിരുന്നതായി ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ വ്യവസ്ഥ ലംഘനം നടന്നിട്ടുണ്ട്.
വിപിന്‍ലാല്‍, ദാസന്, സാഗര്‍ വിന്‍സെന്റ്, ഡോ. ഹൈദരാലി, ശരത്, ജിന്സന് തുടങ്ങി പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചു. മാത്രമല്ല, ദിലീപിന്റെയും കുടുംബാംഗങ്ങളുടെയും ഫോണുകളിലെ നിര്‍ണായക വിവരങ്ങള്‍ നശിപ്പിച്ചതിനും തെളിവുകളുണ്ട്.
ഇവയൊക്കെ ശരിയായി വിലയിരുത്താതെയാണ് വിചാരണ കോടതി ഹര്‍ജി തള്ളിയതെന്ന് ക്രൈംബ്രാഞ്ചിന്റെ ആരോപണം.