നവകേരള സദസിനായി സ്കൂൾ മതിൽ പൊളിച്ചു; നേരത്തെ പൊളിഞ്ഞതെന്ന് സംഘാടകർ
Wednesday, December 6, 2023 12:22 PM IST
കൊച്ചി: നവകേരള സദസിനായി പെരുമ്പാവൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിലിന്റെ ഒരുഭാഗം പൊളിച്ചു. വേദിക്കരികിലേക്ക് എത്താനുള്ള സൗകര്യത്തിനായാണ് പൊളിക്കൽ.
ഡിസംബർ പത്തിനാണ് സ്കൂളിൽ നവകേരള സദസ് നടക്കുന്നത്. രണ്ടു വഴികളിലായി വേദിയിലേക്കെത്തുന്ന വിധത്തിലാണ് ക്രമീകരണം. ഒന്ന്, പ്രധാന വേദിക്കരികിലേക്കെത്താൻ ബസ് ഉൾപ്പെടെ കടക്കുന്ന പ്രധാന കവാടവും മറ്റൊന്ന് ആളുകൾക്ക് പെട്ടെന്ന് വേദിക്കരികിലെത്താനുള്ള വഴിയുമാണ്. രണ്ടാമത്തെ വഴിക്കായാണ് മതിലിന്റെ ഭാഗം പൊളിച്ചത്.
അതേസമയം, ഇത് നേരത്തെ തന്നെ പൊളിഞ്ഞുകിടക്കുന്ന മതിലാണെന്നാണ് സംഘാടക സമിതി ചെയർമാനും കേരള കോൺഗ്രസ് നേതാവുമായ ബാബു ജോസഫ് അറിയിച്ചത്. കുട്ടികൾ അക്കാര്യം നേരത്തെ ശ്രദ്ധയിൽപെടുത്തിയിരുന്നു. പുതുക്കിപ്പണിയുന്നതിനു മുന്നോടിയായി പിടിഎ ആണ് ഇപ്പോൾ കല്ല് മാറ്റിവച്ചതെന്നും സംഘാടക സമിതി പറയുന്നു.
നേരത്തെ, നവകേരള സദസ് വേദിക്കായി സ്കൂൾ മതിൽ പൊളിക്കാൻ അനുമതി തേടി സംഘാടക സമിതി നഗരസഭയ്ക്ക് കത്ത് നല്കിയിരുന്നതായാണ് വിവരം. എന്നാൽ നഗരസഭ ഇതിന് അനുമതി നിഷേധിക്കുകയാണുണ്ടായത്.
രാവിലെ, മതിൽ പൊളിച്ചതിൽ പ്രതിഷേധിച്ച് സ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.