ബാബ ബാലക്നാഥ്; രാജസ്ഥാനിൽ മറ്റൊരു യോഗി
Sunday, December 3, 2023 3:56 PM IST
ന്യൂഡൽഹി: ബിജെപി അധികാരം പിടിച്ച രാജസ്ഥാനിൽ ഭരണചക്രം തിരിക്കാൻ ആത്മീയനേതാവ് എത്തുമോ എന്ന് ആകാംഷയിലാണ് ഏവരും. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിനെ പോലെ രാജസ്ഥാൻ കടിഞ്ഞാൺ ബാബ ബാലക്നാഥിലേക്ക് എത്തുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
വസുന്ധര രാജെയെ ഒഴിവാക്കി പുതുമുഖത്തെ ഭരണതലപ്പത്ത് എത്തിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നുവെന്നത് തെരഞ്ഞെടുപ്പിന് മുൻപേ തുടങ്ങിയ ചർച്ചയാണ്. വ്യക്തമായ ലീഡ് നേടി രാജസ്ഥാനിൽ അധികാരം പിടിച്ചതോടെ വസുന്ധരയ്ക്ക് പകരക്കാരൻ വരുമെന്ന് ചില കേന്ദ്രങ്ങൾ ഉറപ്പിക്കുകയും ചെയ്യുന്നു.
പുതുമുഖ മുഖ്യമന്ത്രി എന്ന ചർച്ചകളിലെ പ്രഥമ പേരുകളിൽ ഒന്നാണ് ബാബ ബാലക്നാഥ്. തിജാറ മണ്ഡലത്തിൽ ജനവിധി തേടിയ ബാലക്നാഥ് കോൺഗ്രസിലെ എതിർ സ്ഥാനാർഥിയും വ്യവസായിയുമായ ഇമ്രാൻ ഖാനെക്കാൾ ബഹുദൂരം മുന്നിലാണ്.
പ്രധാനമന്ത്രിയാണ് പാർട്ടിയുടെ മുഖമെന്നും അദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടി മുന്നേട്ടുപോകുമെന്നും ജനപ്രതിനിധി എന്ന പ്രവർത്തന പഥത്തിൽ താൻ തൃപ്തനാണെന്നും ഇനിയും ജനങ്ങള സേവിച്ച് മുന്നോട്ടുപോകാനാണ് ആഗ്രഹമെന്നുമാണ് മുഖ്യമന്ത്രിയാകുന്നതിനെപറ്റി ചോദിച്ചപ്പോൾ ബാലക്നാദ് പറഞ്ഞത്.
ബിജെപി ഇനിയും ആരാണ് മുഖ്യമന്ത്രി എന്നത് സംബന്ധിച്ച് ഒരു വ്യക്തത വരുത്തിയിട്ടില്ല. ബാലക്നാഥിനെ മുഖ്യമന്ത്രി പദം ലഭിച്ചാൽ ആദിത്യനാദിന് ശേഷം ഈ സ്ഥാനത്തേക്ക് എത്തുന്ന രണ്ടാമത്തെ യോഗിയാകും ബാലക്നാഥ്. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ബാലക്നാഥിന് വേണ്ടി യോഗി ആദിത്യനാഥ് സജീവമായിരുന്നു.