തനിക്കെതിരെ നടക്കുന്നത് ആസൂത്രിതമായ ഗൂഢാലോചന: ഗവർണർ
Saturday, December 2, 2023 6:34 PM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നിരുത്തരവാദിത്തപരമായ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. തനിക്കെതിരെ നടക്കുന്നത് ആസൂത്രിതമായ ഗൂഢാലോചനയാണ്. സർക്കാരും അതിന്റെ ഭാഗമാണെന്നും ഗവർണർ പ്രതികരിച്ചു.
രാജാവിനോടോ വ്യക്തികളോടോ അല്ല വിധേയത്വം കാണിക്കേണ്ടത്. ഭരണഘടനയോടാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലര്‍മാര്‍ ആരുടേയും സമ്മര്‍ദത്തിനു വഴങ്ങേണ്ടതില്ല. സമ്മര്‍ദ്ദം ഉണ്ടായാല്‍ തന്നോട് റിപ്പോര്‍ട്ട് ചെയ്യാന്‍ അറിയിക്കും.
2019ല്‍ തനിക്കെതിരെ ശാരീരിക ആക്രമണമാണ് ഉണ്ടായത്. ഇതില്‍ പരാതിയില്ലാതെ തന്നെ നടപടിയെടുക്കാമായിരുന്നു. എന്നാല്‍ അതും ഉണ്ടായില്ല. ആസൂത്രിത ഗൂഢാലോചനയാണ് തനിക്കെതിരെ നടക്കുന്നത്. സര്‍ക്കാരും ആ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു.
സര്‍ക്കാരിന് പണമില്ലെന്ന് പറയുമ്പോഴും ക്ലിഫ് ഫൗസില്‍ നീന്തല്‍കുളം നവീകരിക്കുകയാണ്. രാജ്ഭവനില്‍ നീന്തല്ക്കുളമൊന്നുമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാന് ആര്‍എസ്എസിന്റെ ദണ്ഡാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. നിങ്ങൾ ഇരിക്കുന്ന സ്ഥാനത്ത് ഇരിക്കാൻ അർഹനാണെങ്കിൽ, ആ സ്ഥാനത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്. കേരളത്തിന്റെ ശാന്തമായ അന്തരീക്ഷത്തെ കലുഷിതമാക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നത്. കേരളത്തിന് എതിരായ ഒരു മനുഷ്യൻ കേരളത്തിന്റെ ഗവർണർ ആയിരുന്നാൽ എങ്ങനെ ഇരിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
സംസ്ഥാനത്ത് മന്ത്രിമാർ അല്ല, പ്രൈവറ്റ് സെക്രട്ടറിമാരാണ് ഭരിക്കുന്നതെന്ന് പറയാൻ എന്ത് അനുഭവമാണ് ഈ മനുഷ്യനുള്ളത്. ആർഎസ്എസിനും സംഘപരിവാറിനും ചെയ്യാൻ കഴിയാത്ത ഒരു കാര്യം ആർഎസിസിന്റെ ദണ്ഡുമെറ്റെടുത്ത് ഗവർണർ ചെയ്യുന്നു എന്നുമാത്രമേ പറയാൻ കഴിയു എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നത്. സുപ്രീംകോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.