ജോസ് ആലുക്കാസ് ഷോറൂമിലെ മോഷണം: മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു
വെബ് ഡെസ്ക്
Friday, December 1, 2023 1:44 AM IST
ചെന്നൈ: ജോസ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന്റെ കോയന്പത്തൂരിലെ ഷോറൂമിൽ മോഷണം നടത്തിയ കേസിലെ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞുവെന്ന് പോലീസ്. ധര്‍മ്മപുരി സ്വദേശി വിജയ് ആണ് മോഷണത്തിന് പിന്നിലെന്നും ഇയാളുടെ ഭാര്യയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കോയന്പത്തൂർ പോലീസ് പറഞ്ഞു.
കഴിഞ്ഞ ചൊവാഴ്ച പുലർച്ചെ രണ്ടോടെ ജ്വല്ലറിയിൽ കടന്ന പ്രതി 200 പവനോളം സ്വർണമാണ് കവർന്നത്. ഇയാളുടെ ഭാര്യയുടെ പക്കൽ നിന്നും മൂന്നു കിലോ സ്വർണം കണ്ടെടുത്തിട്ടുണ്ട്. ജ്വല്ലറിയിൽ നിന്നും ആകെ 4 കിലോയും 600 ഗ്രാമും സ്വർണമാണ് മോഷണം പോയത്.
24കാരനായ വിജയ് ഭിത്തി തുരന്നാണ് ജ്വല്ലറിയുടെ അകത്ത് കയറിയത്. മോഷണ ശേഷം ഇയാൾ കടന്നു കളഞ്ഞു. പ്രതിയെ കണ്ടെത്താൻ അഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണര്‍ ബാലകൃഷ്ണന് പറഞ്ഞു.
വിജയ് മറ്റ് മൂന്നു മോഷണക്കേസുകളിൽ കൂടി പ്രതിയാണ്. ഇയാൾ ജ്വല്ലറിയിൽ മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു.