എക്സിറ്റ് പോൾ; തെലുങ്കാനയിൽ കോണ്‍ഗ്രസ് മുന്നേറ്റം, മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച്
Thursday, November 30, 2023 7:38 PM IST
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തുവന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലുങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
മധ്യപ്രദേശ്
മധ്യപ്രദേശിലെ 230 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 116 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനുവേണ്ടത്. ആറ് സർവേ ഫലങ്ങളിൽ ടൂഡേയ്സ് ചാണക്യ മാത്രമാണ് ബിജെപിക്ക് വൻ ഭൂരിപക്ഷം പ്രവചിച്ചിരിക്കുന്നത്. റിപ്പബ്ലിക് ടിവിയും ബിജെപിക്ക് ഭൂരിപക്ഷം പ്രവചിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിന് 107 സീറ്റ് വരെയും പ്രവചിച്ചിട്ടുണ്ട്. മറ്റ് മൂന്ന് സർവേകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരിക്കുന്നത്.
രാജസ്ഥാൻ
രാജസ്ഥാനിൽ കോണ്‍ഗ്രസിനു ഭരണം നഷ്ടമാകുമെന്നാണ് ഭൂരിപക്ഷം സർവേകളും പ്രവചിച്ചിരിക്കുന്നത്. 199 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 100 സീറ്റുകളാണ് ഭരണത്തിലേറാൻ വേണ്ടത്. എട്ട് സർവേ ഫലങ്ങളിൽ ഒരെണ്ണം മാത്രമാണ് കോണ്‍ഗ്രസ് ഭരണം നിലനിർത്തുമെന്ന് പ്രവചിച്ചിരിക്കുന്നത്. രണ്ട് സർവേ ഫലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടവും പ്രവചിച്ചിട്ടുണ്ട്. അഞ്ച് സർവേ ഫലങ്ങളും ബിജെപിക്ക് അനുകൂലമാണ്.
ഛത്തീസ്ഗഡ്
ഛത്തീസ്ഗഡിൽ കോണ്‍ഗ്രസ് ഭരണം നിലനിർത്തുമെന്നാണ് ഭൂരിഭാഗം സർവേ ഫലങ്ങളും. 90 സീറ്റുകളിൽ 46 സീറ്റാണ് ഭരണത്തിൽ എത്താൻ വേണ്ടത്. ഏഴ് സർവേ ഫലങ്ങളും കോണ്‍ഗ്രസിന് അനുകൂലമാണെങ്കിലും രണ്ട് സർവേ ഫലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരിക്കുന്നത്. ടുഡേയ്സ് ചാണക്യ കോണ്‍ഗ്രസിന് വൻ ഭൂരിപക്ഷമാണ് പ്രവചിച്ചിരിക്കുന്നത്.
തെലുങ്കാന
തെലുങ്കാനയിൽ ബിആർഎസിനു ഭരണം നഷ്ടമാകുമെന്നാണ് പുറത്തുവന്നിരിക്കുന്ന സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യ ടിവി, ജൻ കി ബാത്ത്, റിപ്പബ്ലിക് ടിവി, ടിവി നൗ തുടങ്ങിവയുടെ പ്രവചനങ്ങൾ കോണ്‍ഗ്രസിന് അനുകൂലമാണ്. ഇവർ ആരും ബിആർഎസ് അധികാരത്തിൽ എത്തുമെന്ന് പ്രവചിച്ചിട്ടില്ല. 119 നിയമസഭ സീറ്റുകളിൽ 60 സീറ്റാണ് അധികാരം പിടിക്കാൻ വേണ്ടത്.
മിസോറാം
മിസോറാമിൽ 40 സീറ്റുകളിൽ 21 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. കോണ്‍ഗ്രസ് നിർണായക ശക്തിയാകുമെന്നാണ് ഭൂരിഭാഗം സർവേകളും പ്രവചിച്ചിരിക്കുന്നത്. അഞ്ച് സർവേ ഫലങ്ങൾ നോക്കിയാൽ രണ്ട് മുതൽ 13 സീറ്റുകൾ വരെ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. കൂടുതൽ സീറ്റുകൾ നേടിയാൽ ആര് ഭരിക്കണമെന്നതിൽ കോണ്‍ഗ്രസ് തീരുമാനം നിർണായകമായിരിക്കും.
എംഎൻഎഫിന് രണ്ട് സർവേകൾ കേവലഭൂരിപക്ഷം പ്രവചിച്ചിട്ടുണ്ട്. റിപ്പബ്ലിക് ടിവിയും എബിപി ന്യൂസും എംഎൻഎഫ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരിക്കുന്നത്. ജൻകി ബാത്ത് ഇസഡ്പിഎമ്മിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.