എസ്എഫ്ഐ നേതാവായിരുന്ന നിഖിലിന്റെ വ്യാജ സർട്ടിഫിക്കറ്റ്: പ്രിൻസിപ്പലിനെ മാറ്റി
Wednesday, November 29, 2023 8:14 PM IST
തിരുവനന്തപുരം: എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കി എംകോം പ്രവേശനം നേടിയ സംഭവത്തിൽ കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പലിനെതിരെ നടപടി. പ്രിൻസിപ്പൽ അബ്ദുൾ താഹയെ തൽസ്ഥാനത്തുനിന്നും മാറ്റി. കേരള സർവകലാശാലയുടേതാണ് നടപടി.
ആറ് അധ്യാപകർക്കെതിരെ അച്ചടക്ക നടപടിക്ക് നിർദേശമുണ്ട്. നിഖിൽ തോമസിന്റെ പ്രവേശനത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് സർവകലാശാലയുടെ കണ്ടെത്തൽ. കേരള സർവകലാശാല നിഖിൽ തോമസിന് ആജീവനാന്ത വിലക്ക് നേരത്തെ ഏർപ്പെടുത്തിയിരുന്നു.
കലിംഗ സർവകലാശാലയിൽ നിന്നും ഫസ്റ്റ് ക്ലാസോടെ ബിരുദം വിജയിച്ചുവെന്നു കാട്ടി വ്യാജമായി തയാറാക്കിയ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് കായംകുളം എംഎസ്എം കോളജിൽ നിഖിൽ എംകോമിനു പ്രവേശനം നേടിയത്.
സംഭവം വിവാദമായതോടെ നിഖിൽ സമർപ്പിച്ച ബിരുദ സർട്ടിഫിക്കറ്റ് ‘പരിശോധിച്ച്’ പൂർണമായി ബോധ്യപ്പെട്ടെന്നും വ്യാജമല്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ മാധ്യമങ്ങൾക്കു മുന്നിൽ അവകാശപ്പെട്ടിരുന്നു.
ഇതിനു പിന്നാലെ നിഖില്‍ തോമസ് കലിംഗ സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി വ്യക്തമാക്കിയതോടെയാണ് എസ്എഫ്ഐ നേതാവിന്റെ കള്ളം പൊളിയുന്നത്.
2018 - 2020 കാലഘട്ടത്തില്‍ നിഖില്‍ എംഎസ്എം കോളജില്‍ ബികോം ചെയ്തെങ്കിലും പാസായില്ല. പിന്നീട് പ്രവേശനത്തിനായി 2019 - 2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സമർപ്പിച്ച് എംകോമിന് പ്രവേശനം നേടിയത്.
പോലീസ് കേസെടുത്തോടെ നിഖിലിനെ എസ്എഫ്ഐയിൽനിന്നും സിപിഎമ്മിൽനിന്നും പുറത്താക്കുകയായിരുന്നു.