കോയമ്പത്തൂരിലെ കുനിയമുത്തൂരിൽ മാല മോഷണം: മൂന്ന് മലയാളികൾ അറസ്റ്റിൽ
Tuesday, November 28, 2023 11:13 PM IST
കോയന്പത്തൂർ: കോയമ്പത്തൂരിലെ കുനിയമുത്തൂരിൽനിന്ന് മാല മോഷ്ടിച്ച കേസിൽ മൂന്ന് മലയാളികൾ അറസ്റ്റിൽ. കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന റിഷഭ് (27), മുഹമ്മദ് യാസിൻ (20), റോബിൻ (25) എന്നിവരെ സ്പെഷൽ പോലീസാണ് അറസ്റ്റ് ചെയ്തത്.
ദീപാവലി ദിനത്തിൽ രാവിലെ 6.30 ഓടെ രണ്ട് സ്ത്രീകളുടെ മാലകൾ അക്രമികൾ തട്ടിയെടുത്തു. 22ന് പുലർച്ചെ വീണ്ടും കുനിയമുത്തൂരിലും പ്രാന്തപ്രദേശങ്ങളിലും മാല മോഷണം നടന്നിരുന്നു.
തുടർന്ന് പോലീസ് കമ്മീഷണർ ബാലകൃഷ്ണന്റെ നിർദേശപ്രകാരം അസിസ്റ്റന്റ് കമ്മീഷണർ രഘുപതിരാജയുടെ നേതൃത്വത്തിൽ നാല് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് 300 സിസിടിവി കാമറകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
ഇവരിൽ നിന്ന് 21 പവൻ ആഭരണങ്ങളും കത്തിയും ഇരുചക്രവാഹനവും പിടിച്ചെടുത്തു.