അസ്ഫാക് ആലമിന്റെ വധശിക്ഷ നടപ്പിലാക്കാന്‍ കടമ്പകളേറെ
Wednesday, November 15, 2023 7:35 PM IST
കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലമിന്റെ വധശിക്ഷ നടപ്പാക്കാന്‍ കടമ്പകളേറെ. വിചാരണ കോടതി വിധിച്ച വധശിക്ഷയ്ക്ക് ഹൈക്കോടതി അംഗീകാരം നല്‍കണം. സുപ്രീംകോടതി അപ്പീല്‍ തള്ളിയാലും ദയാഹര്‍ജിയുമായി പ്രതിക്ക് രാഷ്ട്രപതിയെ സമീപിക്കാം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാകും അസ്ഫാക് ആലമിന്റെ വധശിക്ഷ നടപ്പാക്കുക.
വധശിക്ഷ നല്കിയ വിധി ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളുടെ രേഖകള്‍ വിചാരണ കോടതി ഹൈക്കോടതിക്ക് കൈമാറും. വിചാരണക്കോടതി വിധിക്കെതിരേ പ്രതിഭാഗത്തിന് അപ്പീല്‍ നല്‍കാം. പ്രോസിക്യൂഷനും ഡിഫന്‍സ് കൗണ്‍സിലും ഹൈക്കോടതിയിലും വാദമുയര്‍ത്തും. ഇതിന് ശേഷമാകും വധശിക്ഷ അംഗീകരിക്കുന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനമുണ്ടാകുക.
വധശിക്ഷ ശരിവച്ചാല്‍ പ്രതിഭാഗം അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചേക്കാം. അതേസമയം വധശിക്ഷ ഒഴിവാക്കിയാല്‍ പ്രോസിക്യൂഷനാകും അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുക. വധശിക്ഷ സുപ്രീംകോടതി അംഗീകരിച്ചാല്‍ രാഷ്ട്രപതിക്ക് നല്കുന്ന ദയാഹര്‍ജിയാണ് അടുത്ത വഴി. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ തിരുത്തല്‍ ഹര്‍ജിയുമായി പ്രതിക്ക് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാം.
കൊലക്കേസില്‍ ചൊവ്വാഴ്ചയാണ് പ്രതി അസ്ഫാക് ആലമിന് എറണാകുളം പോക്സോ കോടതി വധശിക്ഷ വിധിച്ചത്. പ്രതിക്കെതിരേ ചുമത്തിയ 16 വകുപ്പുകളില്‍ 13 ലും കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് പോക്സോ കോടതി ജഡ്ജി കെ. സോമനാണ് വിധി പ്രഖ്യാപിച്ചത്.
സാഹചര്യ തെളിവുകള്‍ക്ക് പുറമെ ഡിഎന്‍എ തെളിവും കുറ്റകൃത്യം നടത്തിയ സ്വഭാവത്തിന്റെ ഗൗരവവും കോടതി കണക്കിലെടുത്തു. പ്രതി ചെയ്തത് അതിക്രൂരമായ കുറ്റകൃത്യമാണെന്നും പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന് വാദിച്ചു. ഇതംഗീകരിച്ചാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.
മുന്‍കൂട്ടി ആലോചിച്ച് നടപ്പാക്കിയ ക്രൂരമായ കൊലപാതകമാണെന്നും പ്രതി ലൈംഗിക താല്പര്യം തീര്‍ക്കാന്‍ വേണ്ടി കുട്ടിയെ ഉപയോഗിച്ചെന്നുമുള്ള പ്രോസിക്യൂഷന് വാദം അംഗീകരിച്ചു പോക്സോ കേസില്‍ ജീവപര്യന്ത്യം ശിക്ഷയാണ് കോടതി വിധിച്ചത്. തെളിവ് നശിപ്പിക്കലിന് അഞ്ച് വര്‍ഷവും ബലാത്സംഗത്തിന് 10 വര്‍ഷം തടവും ശിക്ഷയില്‍ ഉള്‍പ്പെടുന്നു.
ജൂലൈ 27-നാണ് അസ്ഫാക് ആലം ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം ആലുവ മാര്‍ക്കറ്റിന് പിന്നില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. പോക്സോ കേസില്‍ സംസ്ഥാനത്ത് ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്.