പ്രീമിയര്‍ ലീഗ്: ഉജ്ജ്വല പോരാട്ടത്തിനൊടുവില്‍ സിറ്റിയെ സമനിലയില്‍ തളച്ച് ചെല്‍സി
Monday, November 13, 2023 2:40 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയില്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ ആവേശകരമായ മത്സരത്തിനൊടുവില്‍ സമനിലയില്‍ തളച്ച് ചെല്‍സി.
സ്റ്റാഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരം സീസണിലെ തന്നെ മികച്ച പോരാട്ടമായി മാറുകയായിരുന്നു. ഇരു ടീമുകളും നാലു ഗോളുകള്‍ വീതം നേടിയപ്പോള്‍ കാണികള്‍ക്കത് വിരുന്നായി.
സൂപ്പര്‍ സ്ട്രൈക്കര്‍ എര്‍ലിംഗ് ഹാലണ്ടിലൂടെ 25-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സിറ്റിയാണ് സ്കോറിംഗ് തുടങ്ങിയത്. എന്നാല്‍ നാലു മിനുറ്റുകള്‍ക്കപ്പുറം വെറ്ററന്‍ താരം തിയാഗോ സില്‍വയിലൂടെ ചെല്‍സി ഗോള്‍ മടക്കി.
തുടര്‍ന്ന് 37-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിംഗിലൂടെ ലണ്ടന്‍ ടീം ലീഡെടുക്കുകയും ചെയ്തു.
ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോള്‍ മുമ്പ് മാനുവല്‍ അക്കാഞ്ചിയിലൂടെ സിറ്റി സമനില പിടിച്ചു.
തുടര്‍ന്ന് രണ്ടാം പകുതി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ തന്റെ രണ്ടാം ഗോള്‍ നേടി ഹാലണ്ട് സിറ്റിയെ വീണ്ടും മുമ്പിലെത്തിച്ചു. 67-ാം മിനിറ്റില്‍ നിക്കോളാസ് ജാക്സണിലൂടെ ചെല്‍സി വീണ്ടും ഒപ്പമെത്തി.
കളി സമനിലയിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെ 86-ാം മിനിറ്റില്‍ റോഡ്രി നേടിയ ഗോള്‍ സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയ ചെല്‍സി ആരാധകരെ ഒന്നാകെ ഞെട്ടിച്ചു. കളി 90 മിനിറ്റ് പിന്നിട്ടതോടെ ചെല്‍സി തോല്‍വി മണത്തുവെങ്കിലും കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ തങ്ങള്‍ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി സിറ്റിയുടെ വലയിലെത്തിച്ച് കോള്‍ പാള്‍മര്‍ ചെല്‍സിയുടെയും ആരാധകരുടെയും മാനം കാത്തു. മികച്ച ഒരു മത്സരം എന്നാണ് സിറ്റി പരിശീലകന് പെപ് ഗ്വാര്‍ഡിയോള മത്സരശേഷം പറഞ്ഞത്.
മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ ബ്രെന്‍ഡ്ഫോര്‍ഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് കീഴ്പ്പെടുത്തി. സൂപ്പര്‍താരം മുഹമ്മദ് സല രണ്ടു ഗോളുകള്‍ നേടിയ മത്സരത്തില്‍ ഡിയാഗോ ജോട്ടയാണ് മൂന്നാം ഗോള്‍ നേടിയത്.
12 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഇത്രയും തന്നെ മത്സരങ്ങളില്‍ നിന്ന് 27 പോയിന്റുള്ള ലിവര്‍പൂള്‍, ആര്‍സനല്‍ ടീമുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് നാലുവീതം വിജയവും സമനിലയും തോല്‍വിയുമായി ചെല്‍സി പത്താം സ്ഥാനത്താണ്.