കർദിനാൾ ടെലസ്ഫോർ ടോപ്പോ കാലം ചെയ്തു
Wednesday, October 4, 2023 9:25 PM IST
ബംഗളൂരു: റാഞ്ചി എമരിറ്റസ് ആർച്ച്ബിഷപ് കർദിനാൾ ഡോ. ടെലസ്ഫോർ ടോപ്പോ (84) കാലം ചെയ്തു. ഇന്ന് വൈകുന്നേരം 3.45നു റാഞ്ചി മന്ദാറിലെ കോൺസ്റ്റന്റ് ലീവൻസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും മാസമായി രോഗബാധിതനായിരുന്നു. സംസ്കാരം പിന്നീട്.
ജാർഖണ്ഡിലെ (അന്ന് ബിഹാർ) ചെയിൻപുർ ഗ്രാമത്തിൽ 1939 ഒക്ടോബർ 15നാണ് കർദിനാൾ ടെലസ്ഫോർ ടോപ്പോ ജനിച്ചത്. കർഷകനായ അംബ്രോസ് ടോപ്പോയുടെയും സോഫിയ സാൽസോയുടെയും മകനാണ്.
പത്തു മക്കളിൽ എട്ടാമനാണ് ടെലസ്ഫോർ ടോപ്പോ. യാതന നിറഞ്ഞതായിരുന്നു ഇദ്ദേഹത്തിന്റെ ചെറുപ്പകാലം. കിലോമീറ്ററുകൾ സഞ്ചരിച്ചായിരുന്നു സ്കൂളിൽ പോയിരുന്നത്.
1969 മേയ് എട്ടിന് ടെലസ്ഫോർ ടോപ്പോ സ്വിറ്റ്സർലൻഡിലെ ബാസലിൽവച്ച് പൗരോഹിത്യം സ്വീകരിച്ചു. 1978 മുതൽ 1984 വരെ ദുംക ബിഷപ്പായി. 1985ൽ റാഞ്ചി ആർച്ച്ബിഷപ്പായി ഡോ. ടെലസ്ഫോർ ടോപ്പോയെ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നിയമിച്ചു. 2018ൽ വിരമിച്ചു. 2004-2008 കാലത്ത് സിബിസിഐ പ്രസിഡന്റായി. രണ്ടു തവണ സിസിബിഐ പ്രസിഡന്റായിട്ടുണ്ട്.
2003 ഒക്ടോബർ 21നു ജോൺ പോൾ രണ്ടാമാൻ മാർപാപ്പ ഡോ. ടോപ്പോയെ കർദിനാൾപദവിയിലേക്ക് ഉയർത്തി. ആ സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യൻ ഗോത്രവർഗക്കാരാനാണ് ഇദ്ദേഹം. 2005ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെയും 2013ൽ ഫ്രാൻസിസ് മാർപാപ്പയെയും തെരഞ്ഞെടുത്ത കോൺക്ലേവുകളിൽ കർദിനാൾ ടോപ്പോ പങ്കെടുത്തു.
44 വർഷം ബിഷപ്പായിരുന്ന ഡോ. ടെലസ്ഫോർ ടോപ്പോ 19 വർഷം കർദിനാളായിരുന്നു.