ഗവി റൂട്ടിൽ ആനവണ്ടി തടഞ്ഞ് കാട്ടാനക്കൂട്ടം
Wednesday, October 4, 2023 5:04 AM IST
പത്തനംതിട്ട: ഗവിയിൽ കെഎസ്ആർടിസി ബസിനു മുന്പിൽ കാട്ടാനക്കൂട്ടം. കുമളിയിൽനിന്ന് പത്തനംതിട്ടയിലേക്ക് വരികയായിരുന്നു ബസ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കക്കി ഭാഗത്തെത്തിയപ്പോഴാണ് കാട്ടാനക്കൂട്ടം മുന്പിലേക്കു കയറിയത്. ബസിൽ 30 യാത്രക്കാർ ഉണ്ടായിരുന്നു.
ഏറെനേരം റോഡിൽ തമ്പടിച്ച കാട്ടാനക്കൂട്ടം ഇതിനിടെ ബസിനു നേരെയും തിരിഞ്ഞു. ഇതോടെ വാഹനം ഡ്രൈവർക്ക് പിന്നിലേക്ക് എടുക്കേണ്ടി വന്നു. കാട്ടാനകൾ വഴിയിൽ നിന്നു മാറിയ ശേഷമാണ് ബസ് മുന്നോട്ടെടുക്കാൻ കഴിഞ്ഞത്.
ഗവി റോഡിൽ മിക്കപ്പോഴും കാട്ടാനയുടെ സാന്നിധ്യം പതിവാണിപ്പോൾ. കഴിഞ്ഞദിവസവും സമാനമായ രീതിയിൽ ഇതേ റൂട്ടിൽ ഒറ്റയാൻ ബസ് തടഞ്ഞിരുന്നു. അന്ന് ഒന്നര കിലോമീറ്റർ പിന്നിലേക്ക് എടുത്ത് മറ്റൊരു റോഡിലൂടെയാണ് കെഎസ്ആർടിസി ബസ് കടന്നുപോയത്.