നിഷ്ഠൂരത നേരിട്ട പാവം നിക്ഷേപകര്‍ക്ക് വേണ്ടിയാണ് പദയാത്ര: സുരേഷ് ഗോപി
Monday, October 2, 2023 2:56 PM IST
തൃശൂര്‍: സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ക്കെതിരേ ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര ആരംഭിച്ചു. സുരേഷ് ഗോപി നയിക്കുന്ന പദയാത്ര കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര സംവിധായകന് മേജര്‍ രവി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്തു. നേരത്തെ, കരിവന്നൂര്‍ ബാങ്ക് തട്ടിപ്പിന് ഇരയായി ജീവന് നല്‍കേണ്ടി വന്ന അഞ്ച് പേരുടെ ചിത്രത്തില്‍ സുരേഷ് ഗോപി പുഷ്പാര്‍ച്ച നടത്തിയിരുന്നു.
ബാങ്ക് തട്ടിപ്പിന് ഇരകളായവരുടെ കുടുംബാംഗങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചു. തങ്ങള്‍ യുദ്ധത്തിലൊ പോര്മുഖത്തിലൊ ഒന്നുമല്ലെന്നും നിഷ്ഠൂരത നേരിട്ട പാവം നിക്ഷേപകര്‍ക്ക് ഒപ്പമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത് രാഷ്ട്രപ്രവര്ത്തനമാണ് എങ്കില്‍ അങ്ങനെ കരുതിക്കൊള്ളാനും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപരമായിട്ടല്ല മനുഷികമായ പരിഗണന നിമിത്തമാണ് താന്‍ ഈ പരിപാടിയില്‍ പങ്കെടുത്തത്ത്. സഹകരണ പ്രസ്ഥാനങ്ങളെ നശിപ്പിക്കാന്‍ വേണ്ടിയല്ല. ആ വ്യവസ്ഥിതിയെ ബലപ്പെടുത്താനായിട്ടാണ് യാത്ര. ഒരു ശുദ്ധീകരണമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരുവന്നൂരില്‍ നിന്നും തൃശൂര്‍ നഗരത്തിലേക്ക് ആണ് സഹകാരി സംരക്ഷണ പദയാത്ര. 17കിലോമീറ്റര്‍ ദൂരമാണ് യാത്ര. സമാപന സമ്മേളനം തൃശൂര്‍ കോര്പറേഷന് മുന്നില്‍ ബിജെപി നേതാവ് എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും.
നേരത്തെ, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് രംഗത്ത് വന്നിരുന്നു. സുരേഷ് ഗോപിക്ക് തൃശൂരില്‍ മത്സരിക്കാനുള്ള കളമൊരുക്കുകയാണ് ഇഡി എന്ന് ഗോവിന്ദന് ആരോപിച്ചിരുന്നു.