മുസ്ലീം ലീഗ് ലോക്സഭയിലേക്ക് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ല: കെ. മുരളീധരൻ
Sunday, October 1, 2023 11:43 PM IST
തിരുവനന്തപുരം: മുസ്ലീം ലീഗ് ലോക്സഭയിലേക്ക് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് കെ. മുരളീധരൻ എംപി. മുൻപും അവർക്ക് സീറ്റ് കൊടുത്തിട്ടുണ്ട്. അതിന്റെ പേരിൽ തർക്കം ഉണ്ടാകില്ല. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുരളീധരൻ പറഞ്ഞു.
കരുവന്നൂരിൽ ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ പ്രേരിതമാണെന്ന് ആർക്കും പറയാനാകില്ല. ഇഡി അന്വേഷിച്ചാലും സംസ്ഥാനം അന്വേഷിച്ചാലും അത് അഴിമതി തന്നെയാണ്.
എന്നാൽ കരുവന്നൂരിന്റെ മറവിൽ എല്ലാ സഹകരണ ബാങ്കുകളെയും തകർക്കാൻ അനുവദിക്കില്ല. അതിനോട് കോൺഗ്രസിന് യോജിപ്പില്ല. ഞങ്ങളുടെ ബാങ്കുകളിലും അന്വേഷണം നടക്കട്ടെ. ഒരു ഭയവുമില്ല.
കരുവന്നൂരിൽ ഇഡി അന്വേഷണം പരമാവധി എ.സി. മൊയ്തീൻ വരെയേ എത്തു. അതിനു മുമ്പേ അഡ്ജസ്റ്റ്മെന്റ് നടക്കും. കരുവന്നൂർ വച്ച് തൃശൂർ സീറ്റ് പിടിക്കാമെന്നു ബിജെപി കരുതേണ്ട. കെട്ടി വെച്ച പണം കിട്ടുമോ എന്ന് നോക്കിയാൽ മതിയെന്നും കെ. മുരളീധരൻ പറഞ്ഞു.