മുംബൈ: ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ശരവേഗത്തിലെത്തുന്ന പന്തുകൾ മാനംമുട്ടെ സിക്സറിനു പറത്തുന്ന ഹിറ്റ്മാനു മുന്നിൽ ഏത് ബൗളറും ഒന്നു വിറ‍യ്ക്കും. എന്നാൽ, തന്നെ വിറപ്പിച്ച ഒരു ബൗളറെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം ഇപ്പോൾ.

പലരും കരുതുന്നത് പോലെ പാകിസ്ഥാനിൽ നിന്നോ ഓസ്ട്രേലിയയിൽ നിന്നോ ഉള്ള ഒരു ബൗളറല്ല അത്, പകരം ഒരു മുൻ ദക്ഷിണാഫ്രിക്കൻ പേസർ - ഡെയ്ൽ സ്റ്റെയ്ൻ ആണ് എന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത.

'എന്നെ എപ്പോഴെങ്കിലും വെല്ലുവിളിക്കുകയും അയാൾക്കെതിരെ കളിക്കുന്നത് ഞാൻ ആസ്വദിക്കുകയും ചെയ്ത ഒരു ബൗളർ, അതാണ് ഡെയ്ൽ സ്റ്റെയ്ൻ. അയാൾ ഒരു ക്ലാസ് പ്ലെയറാണ്, അയാൾക്ക് എല്ലാ കഴിവുകളും ലഭിച്ചു.

അയാൾക്ക് വളരെ വേഗത്തിൽ പന്ത് സ്വിംഗ് ചെയ്യാൻ കഴിയും. 140നു മുകളിൽ സ്വിംഗ് ചെയ്യാൻ കഴിയുന്ന ആളുകൾ വളരെ കുറവാണെന്ന് ഞാൻ കരുതുന്നു, സ്ഥിരതയോടെ അത് ചെയ്യാൻ കഴിയുന്ന ആളാണ് സ്റ്റെയ്ൻ.' - രോഹിത് പറയുന്നു.