തുർക്കി പാർലമെന്‍റിനു സമീപം സ്ഫോടനം; ഭീകരാക്രമണമെന്ന് സർക്കാർ
Sunday, October 1, 2023 1:37 PM IST
അങ്കാറ: തുർക്കി തലസ്ഥാനമായ അങ്കാറയിൽ പാർലമെന്‍റിനു സമീപം സ്ഫോടനം. ഞായറാഴ്ച രാവിലെ 9.30നാണ് സംഭവം. രണ്ട് പോലീസ് ഓഫീസർമാർക്ക് സ്ഫോടനത്തിൽ പരിക്കേറ്റു. തിങ്കളാഴ്ച പാർലമെന്‍റിന്‍റെ പുതിയ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ആക്രമണം.
സ്ഫോടനത്തെ ഭീകരാക്രമണമെന്നാണ് തുർക്കി ആഭ്യന്തരമന്ത്രാലയം വിശേഷിപ്പിച്ചത്. പാർലമെന്‍റിനു സമീപമുള്ള തുർക്കി ആഭ്യന്തര മന്ത്രാലയത്തിന്‍റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയുടെ പ്രവേശന കവാടത്തിൽ ഒരു വാഹനത്തിലെത്തിയ രണ്ട് ചാവേറുകളാണ് ബോംബാക്രമണം നടത്തിയതെന്ന് മന്ത്രി അലി യെർലികായ അറിയിച്ചു.
ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാർലമെന്‍റിനും ആഭ്യന്തര മന്ത്രാലയ സമുച്ചയത്തിനും സുരക്ഷ ശക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംഭവസ്ഥലത്തുനിന്ന് വെടിയൊച്ചകൾ കേട്ടതായും ടർക്കിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതേത്തുടർന്ന് പ്രദേശത്ത് ഗതാഗതം നിർത്തിവച്ചു. പോലീസിനെയും അഗ്നിരക്ഷാസേനയെയും വൈദ്യസംഘത്തെയും വിന്യസിച്ചിട്ടുണ്ട്.