നിയമനക്കോഴ ആരോപണം; ഹരിദാസന് പണം നല്‍കിയതായി അറിയില്ലെന്ന് ബാസിതിന്റെ മൊഴി
Sunday, October 1, 2023 11:27 AM IST
തിരുവനന്തപുരം: നിയമനക്കോഴയിലെ പരാതിക്കാരന് ഹരിദാസന് സെക്രട്ടറിയേറ്റിന് സമീപത്തുവച്ച് പണം നല്‍കിയതായി അറിയില്ലെന്ന് സുഹൃത്ത് ബാസിത്. ഹരിദാസന് മന്ത്രി വീണയുടെ പേഴ്സണ്‍ സ്റ്റാഫായ അഖില്‍ മാത്യുവിനെ കണ്ടതായി അറിയില്ലെന്നും ഇയാള്‍ മൊഴി നല്കി.
സെക്രട്ടറിയേറ്റിന്റെ പരിസരത്ത് ഹരിദാസന് എഐഎസ്എഫ് നേതാവായ ബാസിതിനൊപ്പം എത്തുന്നതിന്റെ സസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ചോദ്യം ചെയ്തപ്പോള്‍ താൻ സെക്രട്ടറിയേറ്റില്‍ പോയത് മറ്റൊരു കാര്യത്തിനാണെന്ന് ഇയാള്‍ മൊഴി നല്കി.
ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ തട്ടിപ്പിന് പിന്നില്‍ അഖില്‍ സജീവും കോഴിക്കോട് സ്വദേശിയായ അഭിഭാഷകന് ലെനിനും ആണെന്ന നിഗമനത്തിലാണ് പോലീസ്. തട്ടിപ്പില്‍ ബാസിതിനും പങ്കുണ്ടെന്ന സംശയമാണ് പൊലീസിനുള്ളത്.
ഹരിദാസിനൊപ്പം തിരുവനന്തപുരത്ത് എത്തിയിട്ടില്ലെന്നായിരുന്നു ബാസിത് ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ ഹരിദാസനൊപ്പം പോയതായി സമ്മതിക്കുകയായിരുന്നു.
ഇയാളുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.