മഴ 'കളിച്ചു'; ഓസ്ട്രേലിയ-നെതര്‍ലന്‍ഡ്സ് മത്സരവും ഉപേക്ഷിച്ചു
Saturday, September 30, 2023 11:47 PM IST
തിരുവനന്തപുരം: മഴ വില്ലനായതോടെ ഇന്ന് നടന്ന രണ്ടാമത്തെ സന്നാഹമത്സരവും ഉപേക്ഷിച്ചു. ഓസ്ട്രേലിയയും നെതര്‍ലന്‍ഡ്സും തമ്മില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം 23 ഓവറുകളാക്കി ചുരുക്കിയെങ്കിലും അതുപോലും പൂര്‍ത്തീകരിക്കാന്‍ മഴ സമ്മതിച്ചില്ല. നേരത്തെ ഗോഹട്ടിയില്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം മഴമൂലം ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഓപ്പണര്‍ സ്റ്റീവന്‍ സ്മിത്ത്(55) നേടിയ അര്‍ധ സെഞ്ചുറിയുടെ ബലത്തില്‍ നിശ്ചിത 23 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്.
അലക്സ് ക്യാരി(28),കാമറൂണ്‍ ഗ്രീന്‍(34),മിച്ചല്‍ സ്റ്റാര്‍ക്ക്(24) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നെതര്‍ലന്‍ഡ്സിനായി വാന്‍ ബീക്ക്, വാന്‍ ഡെര്‍ മെര്‍വ്, ബാസ് ഡി ലീഡ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഷരീസ് അഹമ്മദിനാണ് അവശേഷിച്ച വിക്കറ്റ്.
മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്സ് 14.2 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് എടുത്തു നില്ക്കുമ്പോള് മഴ വീണ്ടും രസംകൊല്ലിയായി എത്തിയതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
31 റണ്‍സ് എടുത്ത കോളിന് അക്കര്മാനൊഴികെ മറ്റാര്‍ക്കും ഡച്ച് നിരയില്‍ തിളങ്ങാനായില്ല. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍മാര്‍ഷ്, ഷോണ്‍ അബോട്ട്, ലബുഷെയ്ന് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. .