കരുവന്നൂർ: ഇഡി കാത്തിരിക്കുന്നു; "മുകളിൽ' നിന്നുള്ള ആ ഉത്തരവിനായി
സ്വന്തം ലേഖകൻ
Saturday, September 30, 2023 7:30 PM IST
തൃശൂർ: കരുവന്നൂർ കേസിൽ ഇഡി കാത്തിരിക്കുന്നത് "മുകളിൽ' നിന്നുള്ള ഉത്തരവിനായി. ഇഡിയുടെ ഇതുവരെയുള്ള കണ്ടെത്തലുകളും നിഗമനങ്ങളുമടങ്ങുന്ന റിപ്പോർട്ടിന്റെ കരട് ഇഡി കൊച്ചി ഓഫീസിൽനിന്നു ഡൽഹിയിലെ കേന്ദ്ര ആസ്ഥാനത്തേക്ക് അയച്ചു കൊടുത്തതായാണ് സൂചന.
കേസിലെ അടുത്ത നടപടി എന്തൊക്കെയായിരിക്കണമെന്നും ഇതിൽ പരാമർശിച്ചിട്ടുണ്ട്. ഇതിന് ഇഡി കേന്ദ്ര ഓഫീസിന്റെ അനുമതി ആവശ്യമാണെന്നിരിക്കെ അത് അനുവദിക്കണമെന്നും റിപ്പോർട്ടിൽ അഭ്യർഥിച്ചിട്ടുണ്ടെന്നറിയുന്നു.
ഇഡി കൊച്ചി ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്ന ആ "അനുമതി' കേരളത്തിലെ ഉന്നത സിപിഎം നേതാക്കളിലേക്കുള്ള നിർണായക നീക്കത്തിനുള്ള അഭ്യർഥനയാണെന്നാണ് സൂചന. കേന്ദ്ര ഓഫീസിന്റെ അനുമതിയോടെ മുന്നോട്ടുപോയാൽ പഴുതുകളില്ലാതെ അന്വേഷണം ഊർജിതമാക്കാം എന്നതിനാലാണ് കൊച്ചി ഓഫീസ് ഡൽഹിയുടെ അനുമതി കാത്തിരിക്കുന്നത്.
എം.കെ.കണ്ണൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇഡിയുടെ വെളിപ്പെടുത്തലും അരവിന്ദാക്ഷന്റെ അറസ്റ്റിനെ തുടർന്നുള്ള ചോദ്യം ചെയ്യലിൽ ലഭിച്ച നിർണായക മൊഴികളും മുൻ മന്ത്രി എ.സി. മൊയ്തീൻ എംഎൽഎയുടെ കാര്യവുമെല്ലാം ഇനി നിർണയിക്കുന്നത് മുകളിൽനിന്നുള്ള ആ സുപ്രധാന ഉത്തരവായിരിക്കും.