തിരുവനന്തപുരം: പത്ത് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവിന് 91 വര്‍ഷം കഠിന തടവ്. കാട്ടാക്കട അതിവേഗ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

സംസ്ഥാനത്ത് പോക്‌സോ കേസില്‍ ഏറ്റവും വലിയ ശിക്ഷ നല്‍കുന്ന രണ്ടാമത്തെ കേസാണിത്. ജസ്റ്റിസ് എസ്. രമേശ് കുമാറാണ് തിരുവല്ലം കോളിയൂര്‍ ചന്തയ്ക്ക് സമീപം മഹാത്മ അയ്യന്‍കാളി നഗര്‍ സ്വദേശിയായ രതീഷിന് (36) 91 വര്‍ഷത്തെ കഠിന തടവും 2,10,000 രൂപ പിഴയും വിധിച്ചത്.

പിഴത്തുക അതിജീവിതയ്ക്ക് കൊടുക്കണം അല്ലാത്ത പക്ഷം അധിക കഠിന തടവ് കൂടി രതീഷിന് അനുഭവിക്കേണ്ടി വരും. 2018 മാര്‍ച്ചിലാണ് നടുക്കുന്ന സംഭവമുണ്ടായത്. കുട്ടിയുടെ വീടിന്‍റെ അടുത്ത് വന്ന പ്രതി ഫോണില്‍ ഫോട്ടോ കാണിക്കാമെന്ന് പറഞ്ഞ് ദിവസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു.

പുറത്ത് പറഞ്ഞാല്‍ ഉപദ്രവിക്കുമെന്നും രതീഷ് ഭീഷണിപ്പെടുത്തി. എന്നാല്‍ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതായതോടെ കുട്ടി അമ്മയോട് നടന്ന കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. ഇതിന് പിന്നാലെ ചൈല്‍ഡ് ലൈനിന്‍റെ സഹായത്തോടെ മലയിന്‍കീഴ് പോലീസില്‍ മൊഴി കൊടുക്കുകയും ചെയ്തു.

മലയിന്‍കീഴ് എസ്എച്ച്ഒ പി.ആര്‍ സന്തോഷ് ആണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കാട്ടാക്കടയില്‍ അതിവേഗ പോക്‌സോ കോടതി നിലവില്‍ വന്നശേഷം നല്‍കിയ ഏറ്റവും വലിയ ശിക്ഷാവിധിയാണ് ഇത്.