മധു വധക്കേസില്‍ വന്‍ സാമ്പത്തിക ഇടപാട് നടന്നു; രാജിവച്ച സ്പെഷല്‍ പ്രോസിക്യൂട്ടറിന്റെ വെളിപ്പെടുത്തല്‍
Thursday, September 28, 2023 2:55 PM IST
കൊച്ചി: അട്ടപ്പാടി മധുവധക്കേസുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി, രാജി വച്ച സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കെ.പി.സതീശൻ.
കേസിൽനിന്നു പിൻമാറുന്നുവെന്ന് ഹൈക്കോടതിയെ അറിയിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മധുവിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ സർക്കാർ സ്ഥിര നിക്ഷേപം നൽകി. ഒരു സഹോദരിക്ക് ജോലി നൽകി. 78 ലക്ഷം രൂപ സംഭാവനയായി ലഭിച്ചു.
ഇതിൽ ഒരു പൈസ പോലും ഇപ്പോൾ ബാക്കിയില്ല. കടം എടുക്കുന്ന സാഹചര്യത്തിലെത്തിയിക്കുകയാണ്. കാശ് എങ്ങനെ പോകുന്നുവെന്ന് അവർക്ക് അറിയില്ല. തർക്കം വന്നതോടെയാണു ഞാൻ കേസിൽനിന്ന് പിൻമാറുന്നത്. ഇക്കാര്യം കോടതിയെ അറിയിച്ചു.
കേസുമായി എനിക്ക് ബന്ധമൊന്നുമില്ലായിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വിളിച്ച് സഹായം അഭ്യർഥിച്ചപ്പോഴാണ് കേസ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഫയൽ പഠിച്ചപ്പോൾ പല പാളിച്ചകളും കണ്ടു. കൊല്ലപ്പെട്ടയാൾക്കു പൂർണമായും നീതി ലഭിച്ചില്ലെന്നു തോന്നി.
അഞ്ച് പേർക്കെങ്കിലും ജീവപര്യന്തം കിട്ടേണ്ടതായിരുന്നു. ആരെയും വെറുതെ വിടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും കെ.പി.സതീശൻ പറഞ്ഞു.