ഗവർണർ ബില്ലുകൾ അനന്തമായി പിടിച്ചുവയ്ക്കുന്നു; സർക്കാർ സുപ്രീംകോടതിയിലേക്ക്
Wednesday, September 27, 2023 7:23 PM IST
തിരുവനന്തപുരം: നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ ദീർഘകാലം അംഗീകാരം നൽകാതെ പിടിച്ചുവയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നിയമസഭ പാസാക്കുന്ന ബില്ലുകൾ ദീർഘകാലം അംഗീകാരം നൽകാതെ ഗവർണർ പിടിച്ചുവയ്ക്കുന്നത് കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നു എന്നു തോന്നിയാൽ ആ വികാരത്തെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനയ്ക്കു വിരുദ്ധമായി ഏതെങ്കിലും ഭാഗം പാസാക്കപ്പെട്ട ബില്ലിൽ ഉണ്ടെങ്കിൽ അക്കാര്യം ശ്രദ്ധയിൽപെടുത്തുവാനും ഹൈക്കോടതിയുടെ അധികാരത്തെ ബാധിക്കുന്ന എതെങ്കിലും വകുപ്പ് പാസാക്കപ്പെട്ട ബില്ലിൽ ഉണ്ടെങ്കിൽ അത് രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമർപ്പിക്കുവാനും ഗവർണർക്ക് ഭരണഘടനപരമായ അധികാരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പക്ഷേ ഇതൊന്നും ഇല്ലാത്ത സാധാരണ നിയമങ്ങൾക്ക് അംഗീകാരം നൽകാൻ കാലതാമസമുണ്ടാകുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. നിലവിൽ തെലുങ്കാന, തമിഴ്നാട് ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും സർക്കാർ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. തെലുങ്കാന സർക്കാർ ഈ വിഷയം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് അധികാരമുണ്ടോ എന്ന വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാന്റെ അഭിപ്രായം സർക്കാർ തേടിയിരുന്നു. ഈ വിഷത്തിൽ സുപ്രീംകോടതിയെ സമീപിക്കാനും മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലിന്റെ സേവനം തേടാനും സർക്കാർ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.