തൊണ്ടിമുതൽ കേസ്; മന്ത്രി ആന്റണി രാജുവിന്റെ ഹർജി പരിഗണിക്കുന്നത് നവംബർ ഏഴിലേക്ക് മാറ്റി
Tuesday, September 26, 2023 7:20 PM IST
ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജുവിന്റെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി നവംബർ ഏഴിലേക്ക് മാറ്റി. എതിർ കക്ഷികൾക്ക് മറുപടി നൽകാനാണ് സമയം നൽകിയത്.
കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരേയാണ് ആന്റണി രാജു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇത് ഗൗരവമേറിയ കേസാണെന്ന വാക്കാലുള്ള നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് സി.ടി. രവികുമാർ ഹർജി പരിഗണിക്കുന്നത് നവംബർ ഏഴിലേക്ക് മാറ്റിയത്.
50 ഓളം തൊണ്ടി മുതലുകളിൽ ഒന്നിൽ മാത്രമാണ് ആരോപണമെന്നാണ് ആന്റണി രാജുവിന്റെ അഭിഭാഷകന് ദീപക് പ്രകാശ് കോടതിയുടെ നിരീക്ഷണത്തിന് മറുപടിയായി പറഞ്ഞത്.
നേരത്തെ തുടരന്വേഷണത്തിന് സുപ്രീം കോടതി ഇടക്കാല സ്റ്റേ നൽകിയിരുന്നു. 33 വര്‍ഷത്തിനുശേഷം കേസിൽ പുനരന്വേഷണം നടത്തുന്നതിനെ കേസിലെ ഹര്‍ജിക്കാരനായ ഗതാഗത മന്ത്രി ആന്റണി രാജു എതിര്‍ത്തിരുന്നു.
ഇത് മാനസിക വിഷമം ഉണ്ടാക്കുന്നതായും അതിനാല്‍ കേസിന്റെ നടപടികള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
തനിക്കെതിരെ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും കേസിൽ മെറിറ്റുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും അതിനാൽ പുനരന്വേഷണം നടത്താമെന്ന ഉത്തരവ് നിലനിൽക്കില്ലെന്നും ഹർജിയിൽ ആന്റണി രാജു പറയുന്നു.
അതേസമയം, പോലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നല്കിയ ഹര്‍ജിയും സുപ്രീം കോടതിക്ക് മുന്നിലുണ്ട്.