കോഴിക്കോട്ട് പെൺകുട്ടിയെ കുത്തിപരിക്കേൽപ്പിച്ച യുവാവ് പിടിയിൽ
Tuesday, September 26, 2023 5:59 PM IST
കോഴിക്കോട്: കല്ലാച്ചിയിൽ നടുറോഡിൽ വച്ച് 17 വയസുകാരിയെ കുത്തിപരിക്കേൽപ്പിച്ച യുവാവ് പിടിയിൽ. വാണിമേൽ നിടുംപറമ്പ് സ്വദേശിയായ നടുത്തറേമ്മൽ അർഷാദ്(28) ആണ് പിടിയിലായത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് യുവാവ് പെൺകുട്ടിയെ ആക്രമിച്ചത്. ബൈക്കിലെത്തിയ അർഷാദ്, കോളജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ കല്ലാച്ചി മാർക്കറ്റ് റോഡിൽ വച്ച് മർദിക്കുകയും കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
ആക്രമണത്തിൽ പെൺകുട്ടിയുടെ ഇടത് ചുമലിന് രണ്ട് കുത്തുകളേറ്റു. ആക്രമണത്തിന് പിന്നാലെ സമീപത്തുണ്ടായിരുന്ന വ്യാപാരികളും നാട്ടുകാരും ചേർന്ന് യുവാവിനെ ബലമായി കീഴടക്കി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
വിദ്യാർഥിനിയുമായി യുവാവിന് വിവാഹബന്ധം ആലോചിച്ചിരുന്നെങ്കിലും പെൺകുട്ടിയുടെ കുടുംബം ഈ ബന്ധത്തിൽനിന്ന് പിൻമാറിയിരുന്നു. ഇതേത്തുടർന്നുള്ള വൈരാഗ്യം മൂലമാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും പോലീസ് അറിയിച്ചു.