നിരന്തര പീഡനം; ദളിത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് പിടിയിൽ
Saturday, September 23, 2023 10:57 PM IST
തൃശൂര്‍: മാളയിൽ ദളിത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് പിടിയിൽ. ചെങ്ങമനാട് അടുവാശേരി വെളിയത്ത് വീട്ടില്‍ ഷിതിന്(34) ആണ് അറസ്റ്റിലായത്. നെടുമ്പാശേരിയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.
ഫെബ്രുവരിയിലാണ് ഇയാൾക്കെതിരേയുള്ള കേസിനാസ്പദമായ സംഭവം. വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാണ് കേസ്.
ഷിതിനും യുവതിയും തമ്മിൽ പത്തുവർഷമായി പ്രണയത്തിലായിരുന്നു. ഇതിനിടയിൽ വിവാഹവാഗ്ദാനം നൽകി ഇയാൾ യുവതിയെ പലവട്ടം ശാരീരിക പീഡനത്തിന് ഇരയാക്കി.
തുടർന്ന് പ്രണയബന്ധത്തില്‍ നിന്നു ഒഴിവാകാന്‍ യുവതിയെ പ്രേരിപ്പിച്ച ഇയാള്‍ മറ്റൊരു വിവാഹം കഴിക്കാനും ശ്രമം നടത്തി.
എന്നാൽ യുവതി എതിർപ്പ് പ്രകടിപ്പിച്ചതോടെ ഷിതിനു യുവതിയോടു വൈരാഗ്യമായി. യുവതിയുടെ വീട്ടിലെ സാമ്പത്തിക സ്ഥിതിയും ജാതിയുമുന്നയിച്ചായിരുന്നു ഇയാള്‍ വിവാഹത്തില്‍ നിന്നു പിന്മാറാൻ ശ്രമിച്ചത്.
ഉയര്‍ന്ന ജോലിയുണ്ടായിരുന്ന യുവതി ഇയാളുടെ നിരന്തരമായി ശാരീരിക,മാനസിക പീഡനത്തിന് ഇരയായി ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം.
യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ പീഡനം സംബന്ധിച്ചു വ്യക്തമായ വിവരങ്ങളുണ്ടെന്നും സൂചനയുണ്ട്.
വിശദമായി അന്വേഷണത്തിനൊടുവിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഷിതിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.