നിപ ഭീതി ഒഴിയുന്നു; ഏഴ് പരിശോധനാ ഫലം കൂടി നെഗറ്റീവ്
Friday, September 22, 2023 3:19 PM IST
കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ഭീതി അകലുന്നു. രോഗം സംശയിച്ചിരുന്ന ഏഴ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
നിപ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 981 പേരാണ് നിലവിൽ ഐസൊലേഷനിൽ കഴിയുന്നത്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇനി ആറ് പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
അതേസമയം നിപ വൈറസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒൻപത് വയസുകാരന്റെ നില കൂടുതൽ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടെ നില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
അതേസമയം രണ്ടാം തരംഗത്തിന്റെ സാധ്യത പൂർണമായും തള്ളിക്കളയാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതിനാൽ ജാഗ്രത തുടരണമെന്നാണ് സർക്കാർ നിലപാട്. ആരോഗ്യവകുപ്പും രോഗം ബാധിച്ച കോഴിക്കോട് ജില്ലയുടെ മേഖലകളിൽ ജാഗ്രത തുടരുകയാണ്.
കൂടുതൽ പരിശോധനകൾ നെഗറ്റീവ് ആയതോടെ കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങളിൽ അധികൃതർ ഇളവ് വരുത്തിയിരുന്നു. വടകര താലൂക്കിലെ ഒൻപത് ഗ്രാമ പഞ്ചായത്തുകളിലെ കണ്ടെയിന്മെന്റ് സോണാക്കിയിരുന്ന എല്ലാ വാര്‍ഡുകളിലെയും നിയന്ത്രണങ്ങൾ നീക്കി.
നിപ ബാധിച്ച് മരിച്ചവരുമായും പോസിറ്റീവ് ആയവരുമായും സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തിയ സാഹചര്യത്തിലാണിത്. പോസിറ്റീവ് ആയിരുന്നവരുമായി അടുത്ത സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുന്നവര്‍ അതു തുടരണം. മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.