മണ്ണിടിച്ചിലും ഉരുൾപൊട്ടലും; കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ വ്യാപക നാശനഷ്ടം
Friday, September 22, 2023 11:22 AM IST
കോട്ടയം: ജില്ലയുടെ കിഴക്കന്‍ മലയോരമേഖലകളിൽ വ്യാഴാഴ്ച ഉച്ച കഴിഞ്ഞു പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടം. തലനാട്ടിലും തീക്കോയിയിലുമുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും റോഡുകൾ തകരുകയും വൻ കൃഷിനാശമുണ്ടാകുകയും ചെയ്തു.
വീടുകളുടെ സംരക്ഷണഭിത്തികൾ തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളായനി ടോപ്പ് ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ചീമപ്പാറ-വെള്ളായനി റോഡ് തകര്‍ന്നു. ഈ ഭാഗത്ത് കലുങ്ക് വലിയ പാറവീണ് അടഞ്ഞതോടെ റോഡിലൂടെ വെള്ളം കുത്തിയൊഴുകുകയായിരുന്നു. റോഡിന്റെ ഒരുഭാഗം ഒലിച്ചുപോയി.
ചാമപ്പാറയില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. വെള്ളികുളം കുളങ്ങര സോജി, കാരികാട് കുന്നേല്‍ അപ്പച്ചന് എന്നിവരുടെയും വീടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. ആനിപ്ലാവ് ഭാഗത്ത് കാര്‍ ഒഴുക്കില്‍പ്പെട്ടു. കയര്‍ ഉപയോഗിച്ച് കാർ കെട്ടിയിട്ടിരിക്കയാണ്.
തലനാട് മേസ്തിരിപ്പടിയില്‍ ഇരുപതോളം വീടുകളില്‍ വെള്ളം കയറി. ഈ ഭാഗത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. വെള്ളായനി-ആനിപിലാവ് റോഡിലും ഗതാഗത തടസമുണ്ടായി.
തീക്കോയി അട്ടിക്കളം ഭാഗത്തും റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഉരുള്‍പൊട്ടലില്‍ ലക്ഷങ്ങളുടെ കൃഷിനാശമുണ്ടായതായി തലനാട് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന് പറഞ്ഞു. കാപ്പി, ഏലം, കൊക്കോ, ജാതി, ഗ്രാമ്പൂ, കപ്പ തുടങ്ങി നിരവധി കൃഷികളാണു നശിച്ചത്.
തീക്കോയി പഞ്ചായത്തിലെ ഇഞ്ചപ്പാറ, വെള്ളികുളം, ആനിപിലാവ്, മംഗളഗിരി എന്നിവിടങ്ങളില്‍ വ്യാപകതോതിൽ മണ്ണിടിച്ചിലുമുണ്ടായി. വ്യാഴാഴ്ച വൈകിട്ട് 5.30നാണ് സംഭവം. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
മഴ തുടരുന്നതിനാലും അപകടസാധ്യത ഏറിയതിനാലും മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. കനത്തമഴയില്‍ തീക്കോയി ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്ന് ചാത്തപുഴ പാലത്തില്‍ വെള്ളം കയറി. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.
ചാമപ്പാറ, ചാത്തപ്പുഴ എന്നിവിടങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ഇവരെ വെള്ളികുളം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണു പ്രദേശത്ത് ശക്തമായ മഴ ആരംഭിച്ചത്. മൂന്നു മണിക്കൂര്‍ നീണ്ടനുനിന്ന ശക്തമായ മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചിലും തുടര്‍ന്ന് ഉരുള്‍പൊട്ടലുമുണ്ടായത്.
തീക്കോയി വാഗമണ്‍ റോഡില്‍ ഇഞ്ചപ്പാറയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. തീക്കോയി ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. ചാത്തപ്പുഴ ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. തീക്കോയി ആറ്റില്‍ വെള്ളം ഉയര്‍ന്ന് പാലം വെള്ളത്തിലായി. അഗ്നിരക്ഷാ സേനയും പോലീസും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും സ്ഥലത്ത് ക്യമ്പ് ചെയ്യുന്നു.
കളക്ടര്‍ വി. വിഗ്നേശ്വരി, മീനച്ചില്‍ തഹല്‍സിദാര്‍ കെ.എം. ജോസുകുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ഷോണ്‍ ജോര്‍ജ്, തീക്കോയി വില്ലേജ് ഓഫീസര്‍ ജെസി ചാണ്ടി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
ജില്ലയില്‍ രാത്രിയില്‍ ഒറ്റപ്പെട്ട മഴ ഉണ്ടായിരുന്നു. നിലവില്‍ പൊതുവേ മൂടികെട്ടിയ കാലാവസ്ഥയാണ്. ഗതാഗത തടസമുണ്ടായ റോഡുകളിൽ ഫയര്‍ഫോഴ്സ് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. രാത്രിയോടെ തീക്കോയി-വാഗമണ്‍ റോഡിലെ ഗതാഗത തടസവും മാറ്റി.