പട്ടിയെ ഓടിച്ചെത്തിയ കടുവ വീടിനകത്ത്! സംഭവം വയനാട്ടിലെ പനവല്ലിയില്‍
വെബ് ഡെസ്ക്
Friday, September 22, 2023 12:57 AM IST
വയനാട്: ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയതിന് പിന്നാലെ പ്രദേശവാസികള്‍ ഭീതിയില്‍. വയനാട് പനവല്ലി പുഴകര കോളിയിലെ കയമ എന്നയാളുടെ വീട്ടിലേക്കാണ് കടുവയെത്തിയത്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിക്കാണ് സംഭവം. ഈ സമയത്ത് കയമയും ഭാര്യയും വീടിന് പുറത്തിരിക്കുകയായിരുന്നു. ഭാര്യയുടെ ശരീരത്തിനടുത്തുകൂടി കടുവ ചാടിപ്പോകുകയായിരുന്നുവെന്ന് കയമ പറയുന്നു.
കടുവയെ കണ്ട് പേടിച്ച കയമയുടെ മക്കള്‍ തട്ടിന് പുറത്ത് കയറിയിരുന്നു. കഴിഞ്ഞ ഏതാനും രാത്രികളായി പ്രദേശത്ത് കടുവയെ കണ്ടുവെന്ന് സമീപവാസികളും വ്യക്തമാക്കി. പട്ടിയെ ഓടിച്ച് വന്നാണ് കടുവ വീടിന്റെ പരിസരത്തേക്ക് കയറിയതെന്നും കയമ പറഞ്ഞു.
വനപാലകരെത്തി കടുവയെ പിടികൂടാന്‍ മൂന്നു കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വീടിന്റെ മുറ്റത്തും അകത്തെ മുറിയിലും കടുവയുടെ കാല്പാടുകള് കണ്ടെത്തിയിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഈ ഭാഗത്ത് കടുവയെ കൂടു വച്ച് പിടിച്ചത്.