വനിതാ ബിൽ രാജ്യസഭയും കടന്നു
Thursday, September 21, 2023 11:37 PM IST
ന്യൂഡൽഹി: ലോക്സഭയിലും നിയമസഭകളിലും വനിതകൾക്കു 33 ശതമാനം സീറ്റു സംവരണം ചെയ്യുന്ന ഭരണഘടനാ ഭേദഗിത ബിൽ ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും പാസാക്കി. 215 പേർ അനുകൂലിച്ച വോട്ടെടുപ്പിൽ, ബില്ലിനെ എതിർത്ത് ആരും രംഗത്തുവന്നില്ല.
രാജ്യത്ത് സ്ത്രീശാക്തീകരണത്തിന്റെ നിർണായക ചുവടുവയ്പാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
രാജ്യത്തെ പകുതി സംസ്ഥാന നിയമസഭകൾ കൂടി മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഇതു പാസാക്കിയ ശേഷമേ ബിൽ നിയമമാകൂ. നിയമം പ്രാബല്യത്തിലായാലും 2027ലെ അടുത്ത സെൻസസിനും അതിനു ശേഷമുള്ള ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനു ശേഷം മാത്രമേ വനിതാ സംവരണം നടപ്പിലാകൂ.
ഭരണപക്ഷ – പ്രതിപക്ഷ പിന്തുണയോടെ ബിൽ ബുധനാഴ്ച ലോക്സഭ പാസാക്കിയിരുന്നു. 454 പേർ അനുകൂലിച്ചും രണ്ട് പേർ എതിർത്തും വോട്ടു ചെയ്തു. ഐഎംഐഎമ്മിന്റെ അസദുദ്ദീൻ ഉവൈസിയും ഇംതിയാസ് ജലീലുമാണ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്തത്.