കെഎസ്ആർടിസി യൂണിറ്റുകൾക്ക് ടാർജറ്റ്; ലക്ഷ്യം പ്രതിദിനം ഒൻപത് കോടി
പ്രദീപ് ചാത്തന്നൂർ
Thursday, September 21, 2023 5:42 PM IST
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം ഒൻപത് കോടിയായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ യൂണിറ്റുകൾക്ക് ടാർജറ്റ് നിശ്ചയിച്ചു. വരുമാന വർധനയ്ക്കു വേണ്ടി മൂന്ന് ഘടകങ്ങളായി തിരിച്ചിട്ടുണ്ട്. ആകെ വരുമാനം നേടേണ്ടത്, ഓടുന്ന കിലോമീറ്റർ ദൂരം, ഓരോ കിലോമീറ്ററിനും നേടേണ്ട വരുമാനം എന്നിവയാണ് മാനദണ്ഡങ്ങൾ.
കെഎസ്ആർടിസി ഏറ്റവും ശക്തമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന തെക്കൻ മേഖലയ്ക്കാണ് ആദ്യം ടാർജറ്റ് നിശ്ചയിച്ചത്. 36 യൂണിറ്റുകളാണ് തെക്കൻ മേഖലയിൽ ഉള്ളത്.
ഇതിൽ കോന്നി, ആര്യങ്കാവ്, പന്തളം എന്നീ യൂണിറ്റുകളാണ് തീരെ ദുർബലമായിട്ടുള്ളത്. തീരെക്കുറച്ച് കിലോമീറ്ററുകൾ മാത്രമാണ് ഈ യൂണിറ്റുകളിൽ നിന്നുള്ള സർവീസുകൾ ഓടുന്നത്. എന്നാൽ കിലോമീറ്റർ വരുമാനത്തിൽ ഈ യൂണിറ്റുകൾക്ക് മികച്ച യൂണിറ്റുകൾക്കൊപ്പം തന്നെയാണ് ടാർജറ്റ് നല്കിയിട്ടുള്ളത്.
തിരുവനന്തപുരം സെൻട്രൽ യൂണിറ്റിനാണ് ഏറ്റവും വലിയ ടാർജറ്റ്. 44,67,800 രൂപ. 74,170 കിലോമീറ്റർ സർവീസ് നടത്തണം. ഒരു കിലോമീറ്ററിന് 59.99 രൂപ വീതം നേടണം. രണ്ടാമത്തെ വലിയ വരുമാന ടാർജറ്റ് തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോട് യൂണിറ്റിനാണ്. വരുമാന ലക്ഷ്യം - 25,42,000 രൂപ കിലോമീറ്റർ ദൂരം 42,000. ഓരോ കിലോമീറ്ററിനും 60.31 രൂപ.
മൂന്നാമത്തെ വലിയ വരുമാന ലക്ഷ്യം കൊട്ടാരക്കരയ്ക്കാണ്. 23,42,600 രൂപ. ആകെ കിലോമീറ്റർ 41,950. ഓരോ കിലോമീറ്ററിനും 55.44 രൂപ നേടണം. ഏറ്റവും കുറഞ്ഞ വരുമാന ലക്ഷ്യം പത്തനംതിട്ടയിലെ കോന്നിക്കാണ്. 1,21,200 രൂപ. കിലോമീറ്റർ 2,210 . ഓരോ കിലോമീറ്ററിനും 54.44 രൂപ.
കൊല്ലം ജില്ലയിലെ ആര്യങ്കാവിനാണ് രണ്ടാമത്തെ കുറഞ്ഞ വരുമാന ലക്ഷ്യം. 1,53,300 രൂപ. കിലോമീറ്റർ ദൂരം 2,830. കിലോമീറ്ററിന് 54.17 രൂപ. അതിന് തൊട്ടുമുകളിൽ പന്തളമാണ്. വരുമാന ലക്ഷ്യം 2,94,900 രൂപ. കിലോമീറ്റർ ദൂരം 5,000. ഓരോ കിലോമീറ്ററിനും 58.98 രൂപ.
കിലോമീറ്ററിന് ഏറ്റവും കൂടുതൽ വരുമാന ലക്ഷ്യമിട്ടിരിക്കുന്നത് നെയ്യാറ്റിൻകരയ്ക്കാണ്. 60.52 രൂപ. രണ്ടാം സ്ഥാനത്തുള്ളത് പാപ്പനംകോടാണ്. 60.31 രൂപ.
ലഭ്യമായ ബസുകൾ ഉപയോഗിച്ച് പരമാവധി സർവീസുകൾ നടത്തണമെന്നും ഇതിന് വേണ്ടി വ്യക്തമായ മാസ്റ്റർ പ്ലാൻ യൂണിറ്റ്, ക്ലസ്റ്റർ തലത്തിൽ നടപ്പാക്കണമെന്നും ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ശക്തമായ നിർദ്ദേശം നല്കിയിട്ടുണ്ട്.