കാനയിൽ വീണ് പരിക്കേറ്റയാൾ നഷ്ടപരിഹാരം തേടി; ജില്ലാ കളക്ടര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി
Thursday, September 21, 2023 6:41 AM IST
കൊച്ചി: റോഡിലെ കാനയില്‍ വീണു ഗുരുതര പരിക്കേറ്റയാൾ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജിയില്‍ ജില്ലാ കളക്ടര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം നല്കാന് ഹൈക്കോടതി നിര്‍ദേശം.
കോഴിക്കോട് സൗത്ത് ബീച്ച് പുതിയറ സ്വദേശി പി.കെ. മൂസക്കോയ(60)യുടെ പരാതിയിലാണ് കോടതിയുടെ ഇടപെടൽ. കൂലിപ്പണിക്കാരനായ മൂസക്കോയ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവെ ഓഗസ്റ്റ് നാലിനാണ് മൂന്നടിയോളം താഴ്ചയുള്ള കാനയില്‍ വീണത്. ഇവിടെ കാന മാസങ്ങളായി തുറന്നുകിടക്കുകയാണ്.
വീഴ്ചയില്‍ വാരിയെല്ലിനും കാലിനും ഒടിവു സംഭവിച്ചതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ സര്‍ജറിയടക്കം നടത്തേണ്ടിവന്നു. രണ്ടു ലക്ഷത്തോളം രൂപ ചെലവായെന്നും ബന്ധുക്കളും നാട്ടുകാരും സഹായിച്ചതിനാലാണ് തുക നല്കാന് കഴിഞ്ഞതെന്നും ഹര്‍ജിയില്‍ പറയുന്നു.
തനിക്കു നഷ്ടപരിഹാരം നല്കാന് കോഴിക്കോട് ജില്ലാ കളക്ടര്‍, മേയര്‍, പൊതുമരാമത്ത് വകുപ്പ് റോഡ് ഡിവിഷന് അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്നിവര്‍ക്കു നിര്‍ദേശം നല്‍കണമെന്നും തുറന്നുകിടക്കുന്ന കാന മൂടാന്‍ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
മൂസക്കോയയ്ക്കു പുറമേ മകന് മുഹമ്മദ് അഷ്റഫ്, ബന്ധുവായ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം. ജിഷാന്‍ എന്നിവരും ഹര്‍ജിക്കാരാണ്. ജസ്റ്റീസ് ബെച്ചു കുര്യന് തോമസാണ് ഹര്‍ജി പരിഗണിക്കുന്നത്.