പി.ആര്. അരവിന്ദാക്ഷന്റെ പരാതിയില്‍ സെന്‍ട്രല്‍ പോലീസ് ഇഡി ഓഫീസില്‍
Wednesday, September 20, 2023 5:49 PM IST
കൊച്ചി: ഇഡി ഓഫീസില്‍ പരിശോധനയുമായി സംസ്ഥാന പോലീസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്തിയത്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയില്‍ പോലീസ് പരിശോധന തുടങ്ങി.
സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തിലാണ് പരിശോധന. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ പി.ആര്. അരവിന്ദാക്ഷന് നല്കിയ പരാതിയിലാണ് അന്വേഷണം.
മുമ്പ് പരാതിയുമായി അരവിന്ദാക്ഷന് കൊച്ചി സിറ്റി പോലീസ് കമീഷണറെ സമീപിച്ചിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിച്ച ശേഷം തന്നെ ഇഡി ഉദ്യോഗസ്ഥര്‍ അകാരണമായി മര്‍ദ്ദിച്ചുവെന്നായിരുന്നു അരവിന്ദാക്ഷന്റെ പരാതി.
മര്‍ദ്ദനമേറ്റതിനു ശേഷം താന്‍ തൃശൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നു പറഞ്ഞ അരവിന്ദാക്ഷന് പരാതിക്കൊപ്പം ചികിത്സ തേടിയതിന്റെ രേഖകളും സമര്‍പ്പിച്ചിരുന്നു.
ഇഡി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുക, പ്രാഥമിക അന്വേഷണം നടത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കൊച്ചി സിറ്റി പോലീസ് കമീഷണര്‍ പോലീസിനു നല്‍കിയിരിക്കുന്നത്.