വിടില്ല! മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം
Wednesday, September 20, 2023 4:42 PM IST
തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ അന്വേഷണം നടത്താൻ വിജിലൻസ്. ഇടുക്കി ചിന്നക്കനാലിലെ കുഴൽനാടന്റെ റിസോർട്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണം അന്വേഷിക്കാനാണ് വിജിലൻസ് എത്തുക.
"കപ്പിത്താൻ' റിസോർട്ടിനായി ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേടിനെപ്പറ്റി അന്വേഷിക്കുന്നതിനുള്ള പ്രാഥമിക അനുമതിയാണ് വിജിലൻസിന് സർക്കാർ നൽകിയത്.
വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി അനുമതി നൽകിയത്.
നേരത്തെ, കുഴൽനാടന്റെ റിസോർട്ടിന് പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകിയിരുന്നു. മാർച്ച് 31-ന് റിസോർട്ടിന്റെ ലൈസൻസ് കാലാവധി അവസാനിച്ചിരുന്നു.
അഞ്ച് വർഷത്തേക്കുള്ള ലൈസൻസിനാണ് അപേക്ഷ നൽകിയിരുന്നതെങ്കിലും പൊലൂഷൻ കൺട്രോൾ ബോർഡിന്റെ സർട്ടിഫിക്കറ്റിന്റെ കാലാവധി ഡിസംബർ 31 വരെ ആയതിനാൽ ലൈസൻസ് ഡിസംബർ 31 വരെയാണ് അനുവദിച്ചിരിക്കുന്നത്. ഹോം സ്റ്റേ പ്രവർത്തനത്തിനായുള്ള ലൈസൻസാണ് നൽകിയിരിക്കുന്നത്.