മൂവാറ്റുപുഴയിൽ പുതിയ ഇൻഡോർ സ്റ്റേഡിയം; കിഫ്ബി വക 44.22 കോടി രൂപ
Wednesday, September 13, 2023 10:36 PM IST
എറണാകുളം: മൂവാറ്റുപുഴയിൽ ഒളിമ്പ്യൻ ചന്ദ്രശേഖരൻ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണത്തിന് കിഫ്ബി ബോർഡ് അംഗീകാരം നൽകി. അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന സ്റ്റേഡിയത്തിന് 44.22 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്.
കേരള സർക്കാരിന്റെ സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടറേറ്റിന് കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുക.
ആധുനിക രീതിയിൽ നിർമ്മാണം പൂർത്തിയാക്കുന്ന സ്റ്റേഡിയത്തിൽ ഗാലറി, ഫുട്ബോൾ കോർട്ട്, ബാഡ്മിന്റൺ കോർട്ട്, ടേബിൾ ടെന്നീസ് കോർട്ട്, വോളിബോൾ കോർട്ട്, ബാസ്ക്കറ്റ്ബോൾ കോർട്ട്, സിന്തറ്റിക് ട്രാക്ക്, സ്വിമ്മിങ് പൂൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും. കൂടാതെ കളിക്കാർക്കും പരിശീലകർക്കും ഹോസ്റ്റലും നിർമ്മിക്കും.
കായികരംഗത്തെ വിദഗ്ധരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ ഡിപിആറിൽ മാറ്റങ്ങൾ വരുത്തി കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് സ്റ്റേഡിയത്തിന്റെ നിർമാണം.
നിർമാണം പൂർത്തിയാകുന്നതോടെ കേരളത്തിലെ മികച്ച സ്റ്റേഡിയങ്ങളിൽ ഒന്നായി ഇത് മാറുമെന്നും അത്ലറ്റിക്സ് മീറ്റുകൾ അടക്കം കൂടുതൽ കായികമേളകൾ സ്റ്റേഡിയത്തിൽ നടത്താൻ സാധിക്കുമെന്നും നഗരസഭ ചെയർമാൻ പി .പി. എൽദോസ് പറഞ്ഞു.