സ്വകാര്യമായി മൊബൈലില്‍ അശ്ലീല വീഡിയോ കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി
Wednesday, September 13, 2023 1:44 AM IST
കൊച്ചി: ഒരു വ്യക്തി സ്വകാര്യമായി മൊബൈലില്‍ അശ്ലീല ചിത്രങ്ങളും വീഡിയോയും കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാല്‍ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയോ വിതരണം ചെയ്യുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്താല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 292 പ്രകാരം കുറ്റകരമാണെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്.
മൊബൈലില്‍ അശ്ലീല ദൃശ്യം കണ്ടെന്നാരോപിച്ച് അങ്കമാലി കറുകുറ്റി സ്വദേശിയായ യുവാവിനെതിരെ ആലുവ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
ജൂലൈ 11 നു രാത്രിയില്‍ ആലുവ പാലസിനു സമീപം റോഡരികില്‍ നിന്ന ഹര്ജിക്കാരന് മൊബൈലില്‍ അശ്ലീല വീഡിയോ കണ്ടെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഹര്‍ജിക്കാരനെതിരെ ചുമത്തിയ കുറ്റം പൂര്‍ണമായി സമ്മതിച്ചാല്‍ തന്നെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 292 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് സിംഗിള്‍ബെഞ്ച് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് കേസില്‍ ആലുവ ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ തുടര്‍ നടപടികളും റദ്ദാക്കി.
അശ്ലീല സാഹിത്യം നൂറ്റാണ്ടുകളായി നിലവിലുണ്ട്. പുതിയ ഡിജിറ്റല്‍ യുഗത്തില്‍ ഇവ വിരല്‍ത്തുമ്പിലെത്തുന്ന സ്ഥിതിയുണ്ട്. ഒരാള്‍ സ്വകാര്യമായി അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതില്‍ ഇടപെടുന്നത് അയാളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ കുട്ടികള്‍ ഇത്തരം ദൃശ്യങ്ങള്‍ കാണുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്കി അവരെ സന്തോഷിപ്പിക്കുന്നതിനു പകരം രുചികരമായ ഭക്ഷണം തയാറാക്കി നല്‍കിയും ക്രിക്കറ്റ്, ഫുട്ബോള്‍ തുടങ്ങിയ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിച്ചും നാളത്തെ മികച്ച പൗരന്മാരായി വളര്‍ത്തുകയാണ് വേണ്ടത്.
കളിക്കളങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന കുട്ടികള്‍ അമ്മയുണ്ടാക്കുന്ന രുചികരമായ ഭക്ഷണം ആസ്വദിക്കട്ടെ. ഈ ചിന്തകള്‍ രക്ഷിതാക്കളുടെ തീരുമാനത്തിനു വിടുകയാണെന്നും ഹൈക്കോടതി പറഞ്ഞു.