ഉച്ചഭക്ഷണപദ്ധതിയിലെ ഫണ്ടു വിതരണത്തിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രം: മന്ത്രി ശിവൻകുട്ടി
Thursday, September 7, 2023 10:30 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണപദ്ധതിക്കായുള്ള ഫണ്ട് വിതരണത്തിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രമെന്ന് വിദ്യാഭ്യാസ വകുപ്പ്. പദ്ധതിക്കായുള്ള കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്തത് മൂലമാണ് രൂക്ഷമായ പ്രതിസന്ധി ഉണ്ടായിരിക്കുന്നതെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയായാണ് നടപ്പിലാക്കുന്നത്. പദ്ധതി നടത്തിപ്പിന് ആവശ്യമായ ഭക്ഷ്യധാന്യവും ( അരി) നടത്തിപ്പ് ചെലവിന്റെ 60 ശതമാനവും സംസ്ഥാനങ്ങൾക്ക് നൽകേണ്ടത് കേന്ദ്രസർക്കാരാണ്.
എന്നാൽ, പദ്ധതിയിൽ പിഎഫ്എംഎസ് (പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം) നിർബന്ധമാക്കിയ 2021-22 വർഷം മുതൽ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട കേന്ദ്രവിഹിതം അനുവദിക്കുന്നതിൽ വലിയ കാലതാമസമാണ് കേന്ദ്രസർക്കാർ വരുത്തുന്നത്.
കേന്ദ്രവിഹിതം ലഭിക്കുന്നതിനുള്ള പ്രൊപ്പോസലുകളും മുൻ വർഷത്തെ ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമർപ്പിച്ചാലും അനാവശ്യമായ തടസവാദങ്ങൾ ഉയർത്തി സംസ്ഥാനങ്ങൾക്ക് അർഹമായ തുക അനുവദിക്കുന്നത് വൈകിപ്പിക്കുന്ന തരത്തിലുള്ള നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്.
കേന്ദ്രവിഹിതം ലഭിക്കുന്നതിൽ വരുന്ന കാലതാമസം മൂലം സ്കൂളുകൾക്ക് പദ്ധതി നടത്തിപ്പിനുള്ള തുകയും പാചകത്തൊഴിലാളികൾക്കുള്ള ഓണറേറിയവും സമയബന്ധിതമായി വിതരണം ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.