കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് മടങ്ങിവരണം: കെ. മുരളീധരൻ
Sunday, August 27, 2023 9:29 PM IST
കോട്ടയം: കേരള കോൺഗ്രസ് എം അടക്കം മുന്നണി വിട്ടുപോയ എല്ലാ പാർട്ടികളും യുഡിഎഫിലേക്ക് തിരികെ വരണമെന്ന് കെ. മുരളീധരൻ എംപി.
കേരള കോൺഗ്രസ് എമ്മിന് ഇടതുമുന്നണിയിൽ തുടരാനാവില്ലെന്നും 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോട്ടയത്ത് എത്തിയ വേളയിലാണ് മുരളീധരൻ ഈ പ്രസ്താവനകൾ നടത്തിയത്.
നേരത്തെ, പുതുപ്പള്ളിയിലെ യുഡിഎഫ് താരപ്രചാരക പട്ടികയിൽനിന്നും ഒഴിവാക്കിയതിൽ പരാതിയില്ലെന്ന് മുരളീധരൻ പറഞ്ഞിരുന്നു. തന്നെ പ്രത്യേകിച്ച് ഒരു പട്ടികയിൽ ഉൾപ്പെടുത്തേണ്ടതില്ല. ആർക്കും പരാതി നൽകിയിട്ടില്ല. താൻ സ്ഥിരം സ്റ്റാർ ആണ്.
പുതുപ്പള്ളിയിൽ ഭൂരിപക്ഷം ഉയർത്തുകയാണ് ലക്ഷ്യം. 25,000 ൽ കുറയാത്ത വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിക്കും. ഉമ്മൻ ചാണ്ടിയുടെ സ്വീകാര്യതയെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഉമ്മൻ ചാണ്ടി നടത്തിയ വികസന പ്രവർത്തനങ്ങളാണ് നയിക്കുന്നത്.
ആറാം തീയതി വെടിപൊട്ടുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. കരുണാകരൻ സ്മാരകത്തിന്റെ കാര്യങ്ങളാണ് പറയാമെന്ന് പറഞ്ഞത്. വടകരയിൽ മത്സരിക്കുമോയെന്ന് പറയാൻ താൻ ജ്യോത്സ്യനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.