മാസപ്പടി വിവാദം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ശ്രമിക്കുന്നു: പി.കെ. കൃഷ്ണദാസ്
Monday, August 21, 2023 10:03 PM IST
കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ ഉയർന്ന മാസപ്പടി വിവാദം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ശ്രമിക്കുകയാണെന്ന് എൻഡിഎ കോ - കൺവീനർ പി.കെ. കൃഷ്ണദാസ്.
പുതുപ്പള്ളിയിലെ എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലിന്റെ പ്രചാരണപരിപാടികൾക്കായി എത്തിയ വേളയിലാണ് കൃഷ്ണദാസ് ഇക്കാര്യം പറഞ്ഞത്.
വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കിയത് കോൺഗ്രസ് - സിപിഎം ധാരണ പ്രകാരമാണെന്നും മുഖ്യമന്ത്രിയെ കോൺഗ്രസ് നേത്യത്വത്തിന് പേടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇരുപാർട്ടികളും തമ്മിൽ വളരെ ഊഷ്മളമായ ബന്ധമാണുള്ളത്. ഇക്കാര്യം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാട്ടും. എൽഡിഎഫും യുഡിഎഫും തമ്മിൽ തിരിച്ചറിയാനാവാത്ത വിധം ഒന്നായിരിക്കുന്നു. സതീശൻ പ്രതിപക്ഷ നേതാവായിരിക്കുന്നതിലും ഭേദം ഉപമുഖ്യമന്ത്രി ആകുന്നതാണ്.
മുഖ്യമന്ത്രി പിണറായി വിജയനും മകളും മാസപ്പടി വാങ്ങിയെന്ന് തെളിഞ്ഞുകഴിഞ്ഞു. ഈ ആരോപണം ഉയർന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഈ മൗനം കുറ്റസമ്മതം ആണെന്ന് സംശയിക്കുന്നു. പൊതുസമൂഹത്തിലുള്ള സംശയം ശരിയാണെന്ന് അനുദിനം തെളിഞ്ഞ് വരികയാണ്.
സിപിഎം ഒരു അച്ഛനിലും മകളിലും മാത്രം ഒതുങ്ങിനിൽക്കുന്ന കാഴ്ചയാണ് കേരളം ഇന്ന് കാണുന്നതെന്നും ഇരുവരുമാണ് പാർട്ടിയെ ഇന്ന് പൂർണമായും നിയന്ത്രിക്കുന്നതെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.