ട്രെയിനിംഗിനിടെ എന്‍സിസി കേഡറ്റുകള്‍ക്ക് ക്രൂരമര്‍ദനം
Friday, August 4, 2023 3:24 AM IST
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിസി ട്രെയിനിംഗിനിടെ കേഡറ്റുകള്‍ക്ക് ക്രൂരമര്‍ദനം. താനെയിലെ ബന്ദോദ്കര് കോളജിലാണ് സംഭവം.
ജൂനിയര്‍ കേഡറ്റുകളായ എട്ടോളം വിദ്യാര്‍ഥികളെയാണ് സീനിയര്‍ കേഡറ്റ് വടി കൊണ്ട് ക്രൂരമായി അടിച്ചത്. തങ്ങള്‍ക്ക് ലഭിച്ച ദൗത്യം വിജയകരമായി പൂര്ത്തീകരിക്കാത്തതിനുള്ള ശിക്ഷയായാണ് കേഡറ്റുകള്‍ക്ക് മര്‍ദനമേറ്റുവാങ്ങേണ്ടി വന്നത്.
വിദ്യാര്‍ഥികളോട് കൈകള്‍ രണ്ടും പുറകില്‍ കെട്ടിയതിന് ശേഷം തല മണ്ണില്‍ കുത്തി നില്ക്കാന് ആവശ്യപ്പെട്ടു. തുടര്‍ന്ന് പുറകില്കൂടിയെത്തിയ സീനിയര്‍ കേഡറ്റ് വടികൊണ്ട് ഓരോരുത്തരെയും അടിക്കുകയായിരുന്നു.
വേദനയെ തുടര്‍ന്ന് ഇവര്‍ കരയുന്നതും വീഡിയോയില്‍ കാണാം. വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് കോളജ് പ്രിൻസിപ്പൽ സുചിത്ര നായിക് പറഞ്ഞു. ഇത്തരം പെരുമാറ്റം ഞങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും ഇവരെ മർദിച്ച സീനിയർ വിദ്യാർഥിക്കെതിരെ നടപടിയെടുക്കുമെന്നും അവർ പറഞ്ഞു.
40 വർഷത്തോളമായി ഇവിടെ എൻസിസി പരിശീലനം നടക്കുന്നുണ്ട്. അധ്യാപകന്റെ അഭാവത്തിലാണ് ഈ സംഭവം നടന്നത്. വിദ്യാർഥി ചെയ്തത് മാനസികരോഗികൾക്ക് മാത്രമേ ചെയ്യാൻ കഴിയൂ എന്ന് പ്രവൃത്തിയിൽ നിന്ന് വ്യക്തമാണെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.