കാണാമറയത്ത് 17 നാൾ; പ്ലസ് വൺ വിദ്യാർഥിയെ ബംഗളൂരുവിൽ നിന്ന് കണ്ടെത്തി
Wednesday, August 2, 2023 11:19 PM IST
കണ്ണൂർ: മുടിവെട്ടാനായി വീട്ടിൽ നിന്നിറങ്ങിയ ശേഷം കാണാതായ പ്ലസ് വൺ വിദ്യാർഥിയെ 17 ദിവസങ്ങൾക്ക് ശേഷം ബംഗളൂരുവിൽ നിന്ന് കണ്ടെത്തി. കക്കാട് സ്വദേശി മുഹമ്മദ് ഷെസിനെയാണ് ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്.
ബംഗളൂരുവിലെ ബസ് സ്റ്റാൻഡിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് വിദ്യാർഥിയെ കണ്ടെത്തിയത്. ഷെസിനെ കണ്ടെത്തുന്നതിനായി, ഇയാളുടെ ഫോട്ടോകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട രണ്ട് കെഎംസിസി പ്രവർത്തകരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്.
ബസ് സ്റ്റാൻഡിൽ വച്ചുതന്നെ കുട്ടിയുടെ ഫോട്ടോ എടുത്ത് നാട്ടിലേക്ക് അയച്ച് ഷെസിൻ തന്നെയാണിതെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ബന്ധുക്കളെത്തി കുട്ടിയെ ഏറ്റുവാങ്ങി.
ജൂലൈ 16-നാണ് കണ്ണൂര്‍ മുനിസിപ്പല്‍ ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഷെസിനെ കാണാതായത്. മുടിവെട്ടാനായി വീട്ടിൽ നിന്നിറങ്ങിയ ഷെസിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ, വീട്ടുകാർ തെരച്ചിൽ ആരംഭിക്കുകയായിരുന്നു.