ജീവൻ കവർന്ന് പ്രളയം; ഡൽഹിയിൽ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു
Friday, July 14, 2023 6:06 PM IST
ന്യൂഡൽഹി: ഡൽഹിയിലെ മുകുന്ദ്പുരിൽ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു. പിയൂഷ് (13), നിഖിൽ (10), ആശിഷ് (13) എന്നീ കുട്ടികളാണ് മരിച്ചത്. കുളിക്കാൻ വെള്ളക്കെട്ടിലിറങ്ങിയ കുട്ടികൾ വലിയ കുഴിയിൽ പെടുകയായിരുന്നു.
മെട്രോ നിർമാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിലാണ് കുട്ടികൾ വീണത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു അപകടം. ഉടനെ തന്നെ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
യമുനാനദിയിലെ ജലനിരപ്പ് അപകടരേഖയ്ക്കും മുകളിലായതോടെ രാജ്യതലസ്ഥാനം പ്രളയക്കെടുതിയിലാണ്. നഗരത്തിലെ മിക്ക റോഡുകളും വെള്ളത്തിന ടിയിലായി. വീടുകളിൽ വെള്ളം കയറിയതോടെ ആളുകൾ കൂട്ടത്തോടെ തെരുവിലിറങ്ങുന്ന സാഹചര്യമാണ് മിക്കയിടത്തും.
പലയിടത്തും മെട്രോകളും ബസുകളും ഉൾപ്പെടെയുള്ള ഗതാഗത സൗകര്യങ്ങൾ നിലച്ചു. പ്രളയഭീഷണിയെത്തുടർന്ന് ഞായറാഴ്ച വരെ എല്ലാ സ്കൂളുകളും കോളജുകളും അടച്ചിടാൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.