വൻ നേട്ടവുമായി മുംബൈ വിമാനത്താവളം; ട്രാവൽ ആൻഡ് ലെഷർ ആഗോള പട്ടികയിൽ നാലാമത്
Wednesday, July 12, 2023 9:15 PM IST
ന്യൂയോർക്ക്: പ്രശസ്ത അന്താരാഷ്ട്ര മാസികയായ "ട്രാവൽ ആന്‍ഡ് ലെഷർ' പുറത്തിറക്കിയ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ വമ്പൻ നേട്ടവുമായി മുംബൈ ഛത്രപതി ശിവാജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ട്(സിഎസ്എംഐഎ).
2023-ലെ മികച്ച അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് മുംബൈ സിഎസ്എംഐഎ. ഏകദേശം 1,65,000 പേർ പങ്കെടുത്ത വോട്ടിംഗിലൂടെയാണ് മുംബൈ ഈ സുവർണനേട്ടം സ്വന്തമാക്കിയത്.
പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ വിമാനത്താവളം ആണ് അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മുംബൈ സിഎസ്എംഐഎ. സിംഗപ്പുർ ചാംഗി വിമാനത്താവളം, ദുബായ് വിമാനത്താവളം, ദോഹ ഹമാദ് വിമാനത്താവളം എന്നിവയാണ് ഒന്നു മുതൽ മൂന്ന് വരെയുള്ള സ്ഥാനങ്ങളിൽ.
സമ്പൂർണ ഏഷ്യൻ ആധിപത്യമുള്ള പട്ടികയിൽ തുർക്കി ഇസ്താൻബുൾ വിമാനത്താവളം, സ്വിറ്റ്സർലൻഡ് സൂറിച്ച് വിമാനത്താവളം എന്നിവയാണ് യൂറോപ്യൻ സാന്നിധ്യങ്ങൾ.
ലോകോത്തര ആതിഥ്യമര്യാദയ്ക്കൊപ്പം യാത്രക്കാർക്ക് അസാധാരണമായ യാത്രാനുഭവവും നിരന്തരം നൽകുന്നത് പരിഗണിച്ചാണ് മുംബൈ ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ സംസ്കാരത്തെ മനോഹരമായി പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട് സിഎസ്എംഐഎ.
വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം, ചെക്ക്-ഇൻ ആൻഡ് സെക്യൂരിറ്റി, റസ്റ്ററന്റുകൾ, ഷോപ്പിംഗ്, ഡിസൈൻ തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് വിലയിരുത്തൽ നടത്തിയത്.