ഖത്തറിൽ ഒഴിവാക്കിയ "വൺ ലവ്' ആംബാൻഡുകൾ വനിതാ ലോകകപ്പിന് അനുവദിച്ച് ഫിഫ
Friday, June 30, 2023 6:33 PM IST
മെൽബൺ: യാഥാസ്ഥിതിക ആതിഥേയരുടെ ആഭ്യർഥന മാനിച്ച് ഖത്തർ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയ എൽജിബിടിക്യുഐ+ "വൺ ലവ്' ആംബാൻഡുകൾ വനിതാ ലോകകപ്പിൽ ധരിക്കാൻ അനുവദിച്ച് ഫിഫ.
ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലായി അടുത്ത മാസം മുതൽ നടക്കുന്ന വനിതാ ഫുട്ബോൾ ലോകകപ്പിന് ടീമുകൾക്ക് ധരിക്കാനായി വൺ ലവ് സന്ദേശമുൾപ്പെടെ അടങ്ങുന്ന വിവിധ ആംബാൻഡുകളുടെ മാതൃക ഫിഫ പുറത്തിറക്കി.
ലോകകപ്പിൽ പങ്കെടുക്കുന്ന 700-ഓളം താരങ്ങളിൽ നിരവധി പേർ തങ്ങളുടെ സ്വത്വത്തെ അടയാളപ്പെടുത്തുന്ന ആംബാൻഡ് ധരിക്കുമെന്ന് ഫിഫയെ അറിയിച്ചിരുന്നു. ഇവർക്ക് പിന്തുണ നൽകുമെന്ന് മറ്റ് താരങ്ങളും അറിയിച്ചതോടെയാണ് ഖത്തറിലെ കടുപിടിത്തം ഫിഫ ഈ ടൂർണമെന്റിൽ ഒഴിവാക്കിയത്.
മഴവിൽ നിറങ്ങൾക്ക് പകരം ഫിഫ നിശ്ചയിച്ച ആറ് നിറങ്ങൾ ഹൃദയരൂപത്തിൽ ആലേഖനം ചെയ്ത ബാൻഡിനാണ് അംഗീകാരം നൽകിയത്.
ആതിഥേയ രാജ്യങ്ങളിലെ ആദിമജനവിഭാഗത്തിന് ആദരമർപ്പിക്കുന്നതും കറുത്തവർഗക്കാർക്കെതിരെയുള്ള വിവേചനത്തെ വിമർശിക്കുന്നതുമായ ബാൻഡുകൾക്കും അംഗീകാരം നൽകിയിട്ടുണ്ട്.
ഖത്തർ ലോകകപ്പിൽ വൺ ലവ് ആംബാൻഡ് ധരിക്കാനുള്ള ജർമനി, ഇംഗ്ലണ്ട്, നെതർലൻഡ്സ് ടീമുകളുടെ തീരുമാനത്തെ അച്ചടക്കിനടപടികൾ സ്വീകരിക്കുമെന്ന ഭീഷണി മുഴക്കി ഫിഫ മുടക്കിയിരുന്നു.
തുടർന്ന്, ടൂർണമെന്റിലെ ജർമനിയുടെ ദയനീയ തോൽവിക്ക് കാരണം അതിവിപ്ലവകരമായ ബാൻഡ് ആണെന്ന് വരെ യാഥാസ്ഥിതികർ വിമർശനം ഉയർത്തിയിരുന്നു.