തിരുവനന്തപുരം: മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് മൃഗശാല വിട്ടതായി സംശയം. കഴിഞ്ഞ ദിവസങ്ങളിൽ ഇരുന്ന ആഞ്ഞിലി മരത്തിൽ ഇന്ന് രാവിലെ മുതൽ ഹനുമാൻ കുരങ്ങിനെ കാണുന്നില്ലെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.

കുരങ്ങിനായി മൃഗശാലയിലും പരിസരത്തും തെരച്ചിൽ തുടരുകയാണ്. കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളിലാണ് തെരച്ചിൽ നടക്കുന്നത്. ഈ ഭാഗത്ത് കുരങ്ങിനെ കണ്ടു എന്ന് നാട്ടുകാർ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ.

മരത്തിന്‍റെ മുകളിൽ കയറിയ ഹനുമാൻ കുരങ്ങിനെ താഴെ എത്തിക്കാൻ ജീവനക്കാർ ശ്രമം നടത്തി വരികയായിരുന്നു. കാട്ടുപോത്തിന്‍റെ കൂടിന് സമീപത്തെ ആഞ്ഞിലി മരത്തിന് മുകളിലാണ് പെണ്‍കുരങ്ങ് കയറിയിരുന്നിരുന്നത്.

ഇണയായ ആണ്‍കുരങ്ങിനെ കാട്ടി മരത്തിന് മുകളിൽ നിന്നും താഴെ എത്തിക്കാനാണ് മൃഗശാല ജീവനക്കാർ ശ്രമിച്ചത്. ഇതിനിടെയാണ് വീണ്ടും പെൺകുരങ്ങിനെ കാണാതായിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച്ച പരീക്ഷണ അടിസ്ഥാനത്തിൽ കൂട് തുറക്കുന്നതിനിടെയാണ് ഹനുമാൻ കുരങ്ങ് പുറത്തു ചാടിയത്. കുരങ്ങിനെ പ്രകോപിപ്പിച്ച് ബലപ്രയോഗത്തിലൂടെ കൂട്ടിലാക്കാൻ ശ്രമിക്കില്ലെന്ന് മൃഗശാല അധികൃതർ അറിയിച്ചിരുന്നു.

അങ്ങോട്ട് ആക്രമിച്ചാൽ അല്ലാതെ തിരികെ ആക്രമിക്കില്ലെന്നതിനാൽ ആശങ്കകൾ വേണ്ടെന്നും അധികൃതർ വ്യക്തമാക്കി. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടു സിംഹങ്ങളെയും ഒരു ജോഡി കുരങ്ങുകളെയും തലസ്ഥാനത്ത് എത്തിച്ചത്.