മകളെ വെട്ടിക്കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയുടെ ആരോഗ്യനിലയിൽ പുരോഗതി
Friday, June 9, 2023 12:02 PM IST
മാവേലിക്കര: പുന്നമ്മൂട്ടിൽ ആറു വയസുകാരിയെ മഴുകൊണ്ട് വെട്ടിക്കൊന്നതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുന്ന പിതാവിന്റെ ആരോഗ്യനിലയിൽ പുരോഗതി.
ആലപ്പുഴ മെഡിക്കൽ കോളജിലെ സർജിക്കൽ ഐസിയുവിൽ ചികിത്സയിലുള്ള ശ്രീമഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങിയതായാണ് വിവരം.
മാവേലിക്കര സബ് ജയിലിൽ വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് ശ്രീമഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.
ബുധനാഴ്ച രാത്രി എട്ടോടെയാണ് മകൾ നക്ഷത്രയെ ശ്രീമഹേഷ് മഴുകൊണ്ട് വെട്ടികൊലപ്പെടുത്തിയത്. തൊട്ടടുത്തു സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന മഹേഷിന്റെ അമ്മ സുനന്ദ ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വീടിന്റെ സിറ്റൗട്ടിൽ സോഫയിൽ വെട്ടേറ്റു കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്.
ബഹളം വച്ചുകൊണ്ടു പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന മഹേഷ് അവരെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കു വെട്ടേറ്റു. ഓടിയെത്തിയ സമീപവാസികളെ ഇയാൾ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.
തുടർന്ന് പോലീസ് എത്തി ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നു വർഷം മുന്‍പ് ജീവനൊടുക്കിയിരുന്നു.
ഇയാള്‍ മൂന്നുപേരെയാണ് കൊല്ലാന്‍ പദ്ധതിയിട്ടതെന്ന് പോലീസ് പറയുന്നു. മകള്‍ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പോലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊല്ലാന്‍ ലക്ഷ്യമിട്ടത്.
പോലീസ് ഉദ്യോഗസ്ഥ വിവാഹത്തില്‍ നിന്നും പിന്മാറിയിരുന്നു. ഇയാളുടെ സ്വഭാവദൂഷ്യം കാരണമാണ് ഇവർ വിവാഹത്തില്‍ നിന്നും പിന്മാറിയതെന്നാണ് പോലീസ് കരുതുന്നത്.
കൊലപാതകം നടത്തുന്നതിനായി ഓണ്‍ലൈനില്‍ മഴു വാങ്ങാന്‍ ശ്രീമഹേഷ് ശ്രമിച്ചിരുന്നു. ഓര്‍ഡര്‍ ചെയ്തെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് മഴു മാവേലിക്കരയില്‍ നിന്നും പണികഴിപ്പിച്ചെടുക്കുകയായിരുന്നു.
ഇതുകൊണ്ടാണ് ഇയാള്‍ മകള്‍ നക്ഷത്രയുടെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കട്ടിലിന് അടിയില്‍ നിന്നും മഴു കണ്ടെടുത്തിരുന്നു. കൊല്ലപ്പെട്ട നക്ഷത്രയുടെ സംസ്കാരം വെള്ളിയാഴ്ച നടക്കും.