മദ്യപിച്ചെത്തി സിഐയെ മര്‍ദിച്ച പോലീസുകാരന് സസ്പെന്ഷന്
Thursday, June 8, 2023 12:03 PM IST
തൃശൂര്‍ : സിഐയെ കയ്യേറ്റം ചെയ്ത പോലീസുകാരന് സസ്പെന്ഷന്. സിവില്‍ പോലീസ് ഓഫീസര്‍ സിപിഒ ടി. മഹേഷിനെയാണ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന് സിഐ പ്രേമനന്ദ കൃഷ്ണനെയാണ് ഇയാള്‍ മര്‍ദിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സസ്പെന്ഷന് നടപടിയിലേക്ക് നയിച്ച സംഭവങ്ങളുണ്ടായത്. നാട്ടില്‍ പോകാന്‍ ലീവ് അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് മഹേഷ് സിഐയെ കയ്യേറ്റം ചെയ്തത്.
സിഐ താമസിക്കുന്ന ഗുരുവായൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മദ്യപിച്ചെത്തിയ മഹേഷ് ബഹളംവയ്ക്കുകയും മര്‍ദിക്കുകയുമായിരുന്നു. കമ്മീഷണര്‍ അവധിയിലായിരുന്നതിനാലാണ് പൊലീസുകാരനെതിരായ നടപടി വൈകിയത്.
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മുന്‍ എസ്കോട്ട് ടീം അംഗമാണ് സസ്പന്‍ഷനിലായ മഹേഷ്. മുന്‍പ് വടക്കേക്കാട് പോലീസ് സ്റ്റേഷനിലായിരുന്ന ഇയാള്‍ അച്ചടക്ക നടപടി നേരിട്ടതിനെ തുടര്‍ന്നാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്.