പ്രതിഷേധിച്ച് കരഞ്ഞ് യുവതി; പുഷ്പയുടെ "ഫയർ' കല്യാണത്തിന് തടയിട്ട് പോലീസ്
Wednesday, June 7, 2023 10:58 PM IST
ജയ്പുർ: അഗ്നികുണ്ഡം സാക്ഷിയാക്കി യുവതിയെ നിർബന്ധപൂർവം വിവാഹം ചെയ്ത പുഷ്പയുടെ "ഫയർ ആക്ടിന്' തടയിട്ട് രാജസ്ഥാൻ പോലീസ്. രാജസ്ഥാനിലെ ജയ്സാൽമീറിൽ നിന്നുള്ള ഒരു അഗ്നിസാക്ഷി കല്യാണത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഈയിടെ വൈറലായിരുന്നു.
ആളൊഴിഞ്ഞ പ്രദേശത്ത് ഒരു യുവതിയെ കൈയിലെടുത്ത് അഗ്നികുണ്ഡത്തിന് വലംവച്ച ശേഷം തങ്ങൾ വിവാഹതിരായെന്ന പ്രഖ്യാപനം നടത്തുന്ന യുവാവും തന്റെ അനുവാദമില്ലാതെയാണ് ചടങ്ങ് നടക്കുന്നതെന്ന് കരഞ്ഞുപറയുന്ന യുവതിയുമാണ് വീഡിയോ ദൃശ്യങ്ങളിൽ തെളിഞ്ഞുനിന്നത്.
വീഡിയോ ശ്രദ്ധയിൽപ്പെട്ട ജയ്സാൽമീർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. പുഷ്പേന്ദ്ര സിംഗ് എന്ന യുവാവും വീഡിയോയിൽ കാണുന്ന യുവതിയുമായുള്ള വിവാഹം ഇരുവരുടെയും കുടുംബങ്ങൾ ചേർന്ന് നിശ്ചയിച്ചിരുന്നു.
എന്നാൽ യുവതിയും കുടുംബവും ബന്ധത്തിൽ നിന്ന് പിന്മാറുകയാണെന്ന് പുഷ്പേന്ദ്രയുടെ കുടുംബത്തെ പിന്നീട് അറിയിച്ചു. ഇതിൽ പ്രകോപിതനായ പുഷ്പ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു.
പുഷ്പയെയും ഇയാളുടെ സുഹൃത്തുക്കളായ അഭയ് സിംഗ്, വിക്രം സിംഗ് എന്നിവരെയും അറസ്റ്റ് ചെയ്തതായും ഇവർക്കെതിരെ ഐപിസി 366, 354, 143, 341 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തെന്നും പോലീസ് അറിയിച്ചു.