ഇതരമതസ്ഥരായ യുവാക്കളുമായുള്ള ബന്ധം കുടുംബം എതിർത്തു; സഹോദരിമാർ ജീവനൊടുക്കി
Wednesday, June 7, 2023 10:58 PM IST
ചെന്നൈ: ഇതരമതസ്ഥരായ യുവാക്കളുമായുള്ള പ്രണയബന്ധം മാതാപിതാക്കൾ എതിർത്തതിനെത്തുടർന്ന് സഹോദരിമാരായ യുവതികൾ കിണറ്റിൽ ചാടി ജീവനൊടുക്കി. തമിഴ്നാട്ടിലെ തിരുച്ചി സ്വദേശികളായ ഗായത്രി(23), വിദ്യ(21) എന്നിവരാണ് മരിച്ചത്.
കോയമ്പത്തൂരിലെ വസ്ത്രനിർമാണശാലയിൽ ജോലി ചെയ്തിരുന്ന ഇരുവരും സഹപ്രവർത്തകരായ യുവാക്കളുമായി പ്രണയത്തിലായിരുന്നു. സഹോദരന്മാരായ ഈ യുവാക്കളുമായുള്ള ബന്ധം തിരുച്ചിയിലെ വീട്ടിൽ യുവതികൾ അവധിക്കായി എത്തിയ വേളയിൽ ഇവരുടെ കുടുംബം അറിഞ്ഞു.
യുവാക്കളുമായി സഹോദരിമാർ ഏറെ നേരം ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബത്തിൽ തർക്കം രൂക്ഷമായി. തുടർന്ന് ചൊവ്വാഴ്ച വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ഇരുവരെയും ഇന്ന് രാവിലെയോടെ പ്രദേശത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
യുവതികളിലൊരാൾ കൈത്തണ്ടയിൽ സ്വന്തം പേരും മറ്റൊരാൾ ബന്ധുവിന്റെ ഫോൺ നമ്പരും എഴുതിവച്ചിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാനായി ആണ് ഇത് ചെയ്തതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.