ഭക്ഷ്യ സുരക്ഷാ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കും: മന്ത്രി വീണാ ജോർജ്
Wednesday, June 7, 2023 5:16 PM IST
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ നിയോജക മണ്ഡലത്തിൽ ഒന്ന് എന്ന കണക്കിനാണ് ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുള്ളത്. ഇത് വിപുലീകരിക്കാൻ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുക എന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
14 ജില്ലകളിലും മൊബൈൽ ലബോറട്ടികൾ സജ്ജമാക്കി. ലാബ് സംവിധാനം ശക്തിപ്പെടുത്തുന്നത് ഈ വർഷം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ ബോധവത്കരണ സെമിനാറിന്റേയും ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്പിന്റേയും ഉദ്ഘാടനം ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്പിലൂടെ നിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാം. നിലവിൽ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീൻ റേറ്റിംഗ് പൂർത്തിയാക്കി ആപ്പിൽ സ്ഥാനം നേടിയിട്ടുള്ളത്.
ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്. പരാതി പരിഹാര സംവിധാനമായ ഗ്രീവൻസ് പോർട്ടൽ ഈ ആപ്പിൽ ലിങ്ക് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.